എം.പി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ ആർജെഡിയുമായി ലയിക്കാൻ നീക്കം

എം.പി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ, ലാലു പ്രസാദ് യാദവിന്‍റെ ആർജെഡി യുമായി ലയിക്കാൻ നീക്കം ആരംഭിച്ചു. പ്രാഥമിക ചർച്ചകൾ എം.വി ശ്രേയാംസ് കുമാർ – ആർ ജെ ഡി നേതാവ് തേജസ്വി യാദവുമായി നടത്തിക്കഴിഞ്ഞു. അതിനിടെ അധികാരത്തിനുവേണ്ടി അതാത് സാഹചര്യങ്ങളിൽ നിലപാട് മാറ്റുന്ന വീരേന്ദ്രകുമാറിനെതിരെ, പാർട്ടി നേതാക്കൾക്കിടയിൽ തന്നെ എതിർപ്പുയർന്നിട്ടുണ്ട്.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്രത്തിൽ മന്ത്രിയാകാനുള്ള ചരടുവലികളുമായി എം.പി വീരേന്ദ്രകുമാർ എംപി. രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയിൽ ലയിച്ച്, കോൺഗ്രസുമായും യുഡിഎഫുമായും വീണ്ടും ചങ്ങാത്തം കൂടാനാണ് വീരേന്ദ്രകുമാറിന്‍റെ പുതിയ നീക്കം. ഇതിന്‍റെ മുന്നോടിയായി ആർജെഡി നേതാവ് തേജസ്വി യാദവുമായി എം.വി. ശ്രേയാംസ്‌കുമാർ പ്രാഥമിക ചർച്ച നടത്തിക്കഴിഞ്ഞു.

23-ന് തെരഞ്ഞെടുപ്പ് ഫലം വന്നാൽ തുടർ ചർച്ചകളിലേക്ക് കടക്കുമെന്നാണ് സൂചന. അതിനിടെ, വീണ്ടും കോൺഗ്രസുമായി ബന്ധം സ്ഥാപിക്കാനുള്ള വീരേന്ദ്രകുമാറിന്‍റെ നീക്കത്തിൽ ലോക് താന്ത്രിക് ജനതാദൾ അണികൾ വലിയ ആശയക്കുഴപ്പത്തിലാണ്. അധികാരത്തിനുവേണ്ടി അതാത് സാഹചര്യങ്ങളിൽ നിലപാട് മാറ്റുന്ന വീരേന്ദ്രകുമാറിനെതിരെ പാർട്ടി നേതാക്കളിൽ തന്നെ എതിർപ്പുയർന്നിട്ടുണ്ട്.

ഒരു വർഷം മുമ്പ് യുഡിഎഫ് വിട്ട നടപടിയെപ്പോലും നേതാക്കളും അണികളും ചോദ്യം ചെയ്യുകയാണ്. വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് വേണ്ടി പ്രവർത്തിക്കാതെ, ജനതാദൾ അണികൾ നിശ്ശബ്ധത പാലിച്ചതും ഈ കാരണങ്ങൾ കൊണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ലോക് താന്ത്രിക ജനതാദളിന്‍റെ സംസ്ഥാന സമിതി യോഗം ചേർന്ന് പുതിയ രാഷ്ട്രീയ നിലപാട് അവതരിപ്പിക്കുമെന്നാണ് ജനതാദൾ വൃത്തങ്ങൾ നൽകുന്ന സൂചന.

Comments (0)
Add Comment