ബ്രിട്ടനെ നയിക്കാന്‍ പെണ്‍കരുത്ത്; ലിസ് ട്രസ് പ്രധാനമന്ത്രി

Jaihind Webdesk
Monday, September 5, 2022

ലണ്ടൻ: ബോറിസ് ജോൺസന്‍റെ പിൻഗാമി ആരെന്ന ചോദ്യത്തിന് ഉത്തരമായി. ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ബ്രിട്ടന്‍റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് നാൽപ്പത്തിയേഴുകാരിയായ ലിസ്. മുൻ വിദേശകാര്യമന്ത്രി കൂടിയാണ് ലിസ് ട്രസ്. ഇന്ത്യൻ വംശജന്‍ കൂടിയായ മുൻ ധനമന്ത്രി ഋഷി സുനകിനെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പെണ്‍കരുത്തായത്.

കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്‍റെ ഫല പ്രഖ്യാപനംവന്നപ്പോള്‍ ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക.