കോട്ടയം : കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്തു. കോട്ടയത്ത് സഹകരണ ബാങ്കിന്‍റെ ലോൺ അടവ് മുടങ്ങിയതിനെ തുടർന്ന് കടുവാക്കുളം കൊച്ചുപറമ്പിൽ അബ്ദുൾ സലാമിന്‍റെയും ഫാത്തിമയുടെയും മക്കളായ നിസാർ, നസീർ എന്നിവരാണ് വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ചത്. അർബൻ സഹകരണ ബാങ്ക് മണിപ്പുഴ ശാഖയിൽ 17 ലക്ഷം രൂപയുടെ കടബാധ്യത ഇരുവർക്കും ഉണ്ടായിരുന്നു. കൊവിഡിനോട് അനുബന്ധിച്ച് ഉണ്ടായ ലോക്ക്ഡൗണിനെ തുടർന്ന് ഇരുവർക്കും ജോലി നഷ്ടമായിരുന്നു. ഇതോടപ്പം ബാങ്കിന്‍റെ തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെ ഇരുവരും വലിയ പ്രതിസന്ധിയിലായി. ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
2019 മെയ് രണ്ടിനാണ് നിസാറും നസീറും അർബൻ സഹകരണബാങ്ക് മണിപ്പുഴ ശാഖയിൽ നിന്ന് 13 ലക്ഷം രൂപ പർച്ചേസ് ലോൺ എടുത്തത്. തുടർന്ന് ഏപ്രിലിൽ 19,000 രൂപ ഒരുതവണ അടച്ചു. പിന്നീട് അടവുകൾ പൂർണ്ണമായി മുടങ്ങി. ഇതിനിടെ ലോക്ക്ഡൗണിൽ ഇരുവരുടെയും ജോലി നഷ്ടമാകുകയും ചെയ്തു. ഇതോടെ ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. രണ്ടാഴ്ച മുമ്പ് അർബൻ സഹകരണ ബാങ്കിൽ നിന്നും ജീവനക്കാർ എത്തി തിരിച്ചടവിനെ കുറിച്ച് സംസാരിച്ചതോടെ ഇരുവരും വലിയ മാനസിക സംഘർഷത്തിൽ ആയിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ഇരുവരുടെയും കടബാധ്യത ഇപ്പോൾ ഏകദേശം 17 ലക്ഷം രൂപ ആയിട്ടുണ്ട്. തിരുവഞ്ചൂർ സ്വദേശികളായ കുടുംബം മൂന്നുവർഷം മുമ്പാണ് കടുവാക്കുളത്ത് സ്ഥലം വാങ്ങി വീട് വെച്ചത്. മാതാവ് ഫാത്തിമ ആണ് രണ്ടു മുറികളിലായി മക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയില്‍ 19 പേരാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. സമാനമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നവരാണ് ഒരു വലിയ വിഭാഗം എന്നത് ആശങ്കാജനകമാണ്. സർക്കാർ ഇനിയും അനങ്ങാപ്പാറ നയം തുടർന്നാല്‍ പട്ടിക ഇനിയും നീളും എന്ന കാര്യം യാഥാർത്ഥ്യമായി നിലനില്‍ക്കുന്നു.