മദ്യനയ കേസ്; ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഉപാധികളോടെ ജാമ്യം

Jaihind Webdesk
Friday, August 9, 2024

 

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിലാണ് സുപ്രീം കോടതി ജാമ്യം നല്‍കിയത്. 2023 ഫെബ്രുവരി 26 ന് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ 16 മാസത്തെ ജയില്‍വാസത്തിനൊടുവിലാണ്  പുറത്തിറങ്ങുന്നത്. സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം തുടങ്ങിയ വ്യവസ്ഥകളിലാണ് സിസോദിയയ്ക്ക് ജാമ്യം.  സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നല്‍കിയത്. വിചാരണ വേഗത്തില്‍ നടത്താനുള്ള തടവ്പുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 493 സാക്ഷികള്‍ ഉള്ള കേസില്‍ വിചാരണ സമീപകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയക്ക് സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹം ഒളിച്ചോടാന്‍ പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഉപാധികള്‍ക്ക് വിധേയമായാണ് ജാമ്യം. രണ്ട് ആള്‍ ജാമ്യവും 10 ലക്ഷം രൂപ കെട്ടിവെക്കാനും പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.