ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം; ഉത്തരവ് പുറത്തിറങ്ങി, ഡോക്ടര്‍മാരുടെ വാദം തള്ളി സര്‍ക്കാര്‍

Jaihind News Bureau
Monday, March 30, 2020

തിരുവനന്തപുരം:  കൊവിഡ് ജാഗ്രതയെത്തുടര്‍ന്ന് സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മദ്യം ലഭിക്കാതിരിക്കുമ്പോള്‍ ശാരീരീക അസ്വസ്തതകള്‍ പ്രകടിപ്പിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാവുന്നതാണ്. ഒരാള്‍ക്ക് ഒന്നിലധികം പാസുകള്‍ ലഭിക്കില്ല.

സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ഈ മാര്‍ഗം മാത്രമേ മുന്നിലുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു. ഡോക്ടറുടെ കുറിപ്പടി കൊണ്ടുവന്നാലും നിശ്ചിത അളവിലാകും മദ്യം അനുവദിക്കുക. മദ്യം ലഭിക്കാത്തതുമൂലം അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന് അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കിയാല്‍ മതി.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മദ്യാസക്തി ഉള്ളവരെ ചികിത്സിക്കാൻ മദ്യം വേണ്ടെന്ന് ഐഎംഎ യും കെജിഎംഒയും വ്യക്തമാക്കി. മദ്യം നൽകി ചികിത്സിക്കുന്നത് പ്രോട്ടോക്കോളിന് എതിരാണെന്നും ഐഎംഎ വ്യക്തമാക്കി.

മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ മദ്യം നൽകാനുള്ള നീക്കം ദൗർഭാഗ്യകരമെന്ന് കെ ജി എം ഒ എ അധികൃതരും പ്രതികരിച്ചു. അശാസ്ത്രീയവും അധാർമ്മികവും ആയ നീക്കം ഉപേക്ഷിക്കണമെന്നും ഇത്തരത്തിലൊരു കുറിപ്പടി ഡോക്ടർമാർ നൽകില്ല എന്നും സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.