‘വായു’ കനിഞ്ഞു; ഉത്തരേന്ത്യൻ നഗരങ്ങളിലെ ചൂടിന് ശമനമേകി മഴയെത്തി

Jaihind Webdesk
Thursday, June 13, 2019

ഉത്തരേന്ത്യൻ നഗരങ്ങളിലെ ചൂടിന് ശമനമേകി മഴയെത്തി. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ മഴയും തുടർന്ന് ശക്തമായ പൊടിക്കാറ്റു വീശി. സംസ്ഥാനങ്ങളിൽ 48 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് രേഖപ്പെടുത്തിയിരുന്നത് .

അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടു കുറയാൻ കാരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഡൽഹിയിൽ ഇന്നലെ 44 ഡിഗ്രി സെൽഷ്യസാണു കൂടിയ താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 48 ഡിഗ്രി കടന്നിരുന്നു. ഇന്നലെ വൈകിട്ട് 6.30ന് 40 ഡിഗ്രിയിലെത്തിയ താപനില ഏഴായപ്പോൾ 33 ഡിഗ്രിയായി. ഏതാനും ദിവസമായി വീശിക്കൊണ്ടിരുന്ന ഉഷ്ണക്കാറ്റിനും ശമനമുണ്ടായി.

50 ഡിഗ്രിക്കു മുകളിൽ ചൂടു രേഖപ്പെടുത്തിയിരുന്ന രാജസ്ഥാനിൽ ഇന്നലെ ആശ്വാസമായി മഴയെത്തി. ഉച്ചകഴിഞ്ഞു ജയ്പുർ അടക്കം സംസ്ഥാനത്തിന്‍റെ തെക്കുകിഴക്കൻ ജില്ലകളിൽ മഴ ലഭിച്ചു. ജയ്പുരിൽ മഴയെത്തുടർന്നു താപനില 6 ഡിഗ്രി കുറഞ്ഞ് 40 ഡിഗ്രിയിലെത്തി.

‘വായു’ ചുഴലിക്കാറ്റിന്‍റെ തുടർച്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണു പ്രവചനം. 60മുതൽ70 കിലോമീറ്റർ വേഗമുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ട്. എന്നാൽ രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലകളായ ജയ്‌സാൽമേർ, ജോധ്പുർ, ബാർമർ, ബിക്കാനീർ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയും കനത്ത ചൂടും തുടരും. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇരുപതോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.