ലൈഫ് മിഷൻ കരാറിൽ അട്ടിമറി; റെഡ് ക്രസന്‍റിന് പകരം കരാർ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറല്‍; തെളിവുകള്‍ പുറത്ത്

Jaihind News Bureau
Sunday, August 23, 2020

 

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട അട്ടിമറി നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. പദ്ധതിയ്ക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല എന്ന വിവരമാണ് പുറത്തുവരുന്നത്‌. യുഎഇ കോണ്‍സുല്‍ ജനറലാണ് കരാറില്‍ ഒപ്പുവെച്ചത്. ധാരണാപത്രം അനുസരിച്ച് യൂണിടെകും റെഡ് ക്രസന്‍റും  തമ്മിലാണ് കരാര്‍ വേണ്ടത്.എന്നാൽ ഉപകരാർ നൽകിയപ്പോൾ റെഡ് ക്രസന്‍റും സര്‍ക്കാരും ചിത്രത്തിലില്ലാതായി.

അതേസമയം കോൺസുലേറ്റും ഒരു കമ്പനിയും തമ്മിലുള്ള കരാറായി ഇത് മാറുകയും ചെയ്തു. റെഡ് ക്രസന്‍റ് നിർമ്മാണത്തിന് പണം നൽകുമെന്നൊരു പരാമര്‍ശം മാത്രമാണുള്ളത്. കരാറുമായി ബന്ധപ്പെട്ട് റെഡ് ക്രസന്‍റ് ചെയ്യേണ്ട കാര്യമാണ് യുഎഇ കോൺസുൽ ചെയ്തത്. ഇക്കാര്യത്തിൽ റെഡ് ക്രസന്‍റും യുഎഇ കോൺസുലേറ്റും തമ്മിൽ മറ്റ് ഏതെങ്കിലും രീതിയിലുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം യുഎഇ കോൺസുലേറ്റ് വ്യക്തമാക്കേണ്ടതുണ്ട്. അത്തരത്തില്‍ ഒരു ധാരണയുടെ രേഖ ഇതുവരേയും സര്‍ക്കാരോ ലൈഫ് മിഷനോ കോൺസുലേറ്റോ കരാര്‍ എടുത്തവരോ പുറത്ത് വിട്ടിട്ടില്ല. കരാറിലെ ഒന്നാം കക്ഷി യുഎഇ കോൺസുൽ ജനറലും രണ്ടാംകക്ഷി യൂണിടാക്കുമാണ്.