‘ലൈഫി’ല്‍ വാദങ്ങളെല്ലാം പൊളിഞ്ഞതോടെ ന്യായീകരണവുമായി കോടിയേരി; റെഡ് ക്രസന്‍റിന്‍റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമെന്നും വാദം

Jaihind News Bureau
Friday, August 14, 2020

Kodiyeri Balakrishnan

 

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്‍റിനെ ഏല്‍പിച്ചതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് ലൈഫ് പദ്ധതി വിവാദത്തോടുള്ള നിലപാട് കോടിയേരി വ്യക്തമാക്കിയത്. റെഡ് ക്രസന്‍റിന്‍റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമെന്നും കോടിയേരി വ്യക്തമാക്കി. വടക്കാഞ്ചേരിയില്‍ വീട് നിര്‍മ്മിക്കാനുള്ള ഏജന്‍സിയെ നിശ്ചയിച്ചതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും അദ്ദേഹം ന്യായീകരിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്നാ സുരേഷിന് ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചെന്ന സംഭവം വിവാദമായതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.  വടക്കാഞ്ചേരിയിൽ വീട് നിർമിക്കാനുള്ള ഏജൻസിയെ നിർണയിച്ചതിൽ സർക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്‍റിന്‍റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്നാണ് കോടിയേരി ലേഖനത്തിൽ പറയുന്നത്.

നേരത്തെ ലൈഫ് പദ്ധതിക്കായി ദുബായ് റെഡ്ക്രസന്‍റുമായി കരാർ ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിഞ്ഞിരുന്നു. 20 കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്നതിന് തെളിവുകള്‍ സഹിതം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിന് സാക്ഷിയായത് സ്വർണ്ണക്കടത്ത് കേസില്‍  ആരോപണ വിധേയനായ യുഎഇ കോണ്‍സുലേറ്റ് അറ്റാഷേയാണെന്നും വ്യക്തമായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും പിന്നീട് പുറത്ത് വന്നു.

ഇതിന് പുറമെ നിർമാണക്കമ്പനിക്ക് കരാർ നൽകിയതിൽ സ്വപ്നക്ക് ലഭിച്ച കമ്മിഷൻ പണമാണ് പിന്നീട് എം.ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്തിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് സർക്കാരിന്‍രേയും പാർട്ടിയുടേയും മുഖം രക്ഷിക്കാൻ കോടിയേരി ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അതേ വിശദീകരണവുമായി രംഗത്തെത്തിയത്.