ലൈഫില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലൈഫ് പദ്ധതിയിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓവർസീസ് അന്വേഷണം നടത്താന്‍ വിജിലന്‍സിന് പരിമിതികളുണ്ട്. മറ്റ് അന്വേഷണങ്ങള്‍ക്കൊന്നും ലൈഫുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ കഴിയില്ലെന്നും കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

20 കോടിയുടെ പദ്ധതിയില്‍ 9 കോടി രൂപ കമ്മീഷന്‍ അടിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട് സത്യസന്ധമായ ഒരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. ലൈഫിലെ ധാരണാപത്രത്തിന്‍റെ കോപ്പി ആവശ്യപ്പെട്ട് ഒന്നര മാസം കഴിഞ്ഞിട്ടും നൽകാൻ സർക്കാർ തയാറായിട്ടില്ല. പദ്ധതി സുതാര്യമാണെങ്കില്‍ ഇതിന് എന്ത് തടസമാണുള്ളതെന്നും കോപ്പി നൽകാൻ തയാറാകാത്തത് പദ്ധതിയിൽ അഴിമതി ഉള്ളതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

റെഡ് ക്രസന്‍റ് യു.എ.ഇയുമായി ബന്ധമുള്ള ഉടമ്പടിയാണിത്. വിദേശരാജ്യവുമായി ബന്ധമുള്ള കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് പരിമിതിയുണ്ട്. കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിന്‍റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് ലൈഫ് പദ്ധതിയുടെ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രമേശ് ചെന്നിത്തല രാജിവെച്ചു.

Comments (0)
Add Comment