ലൈഫ് മിഷന്‍ കോഴ: സി.എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍; ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാവില്ല

Jaihind Webdesk
Monday, February 27, 2023

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. രാവിലെ 10 മണിക്ക് എന്‍ഫോഴ്സ്മെന്‍റിന്‍റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. അതേസമയം സി.എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കഴിഞ്ഞ ബുധനാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ലൈഫ് മിഷൻ കരാറിൽ സി.എം രവീന്ദ്രന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന വാട്ട്സ്ആപ്പ്ചാറ്റുകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷുമായുളള ശിവശങ്കറിന്‍റെ വാട്ട്സ്ആപ്പ് സന്ദേശങ്ങളില്‍ സി.എം രവീന്ദ്രനിലേക്ക് വിരല്‍ചൂണ്ടുന്ന ഘടകങ്ങളുണ്ടായിരുന്നു. ഇനിയും കൂടുതല്‍ ചാറ്റുകള്‍ ഇ ഡിയുടെ കൈവശമുണ്ടെന്നാണ് സൂചന. സ്വപ്നയില്‍ നിന്നും ആദ്യം പിടിച്ചെടുത്ത ഫോണുകളിലൊന്നും രവീന്ദ്രനുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാനം സ്വപ്ന ഹാജരാക്കിയ ഫോണില്‍ നിന്നാണ് ഈ വാട്‌സ് ആപ്പ് ചാറ്റുകള്‍ ലഭിച്ചത്. സ്വപ്നയും രവീന്ദ്രനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചത്.

എല്ലാത്തിനും സഹായം ചെയ്തുകൊടുത്ത ആദ്യത്തെ ഓഫീസർ സി.എം രവീന്ദ്രനാണെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് അദ്ദേഹം കേസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്നയുടെ മൊഴിയിലടക്കം ഇ.ഡി അന്വേഷണം നടത്തും. നേരത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ ഇ.ഡി 14 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അന്ന് നാലാമത്തെ തവണ നോട്ടീസ് നല്‍കിയപ്പോഴാണ് സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം സി.എം രവീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് ഏറ്റവും തിരിച്ചടിയാവുക മുഖ്യമന്ത്രി പിണറായി വിജയനാകും.