ലൈഫില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, ഹർജി തള്ളി

Jaihind News Bureau
Tuesday, January 12, 2021

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി.  സിബിഐ അന്വഷണം റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി. സംസ്ഥാന സർക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹർജികൾ നൽകിയത്. പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാറിന്‍റെ വാദം.

എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 14 നായിരുന്നു കേസിൽ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുൺ ലൈഫ് മിഷൻ സിഇഒ യ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തത്. അതേസമയം യൂണിടാകിനെതിരായ അന്വേഷണം തുടരാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.