എല്‍ഐസി : സമരം ശക്തമാക്കി ജീവനക്കാർ; പ്രതിഷേധം ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ

Jaihind News Bureau
Tuesday, February 4, 2020

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കാരിന്‍റെ കയ്യിലുള്ള ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കി എല്‍ഐസി ജീവനക്കാര്‍. ജീവനക്കാര്‍ ദേശവ്യാപകമായി ഇന്ന് ഇറങ്ങിപ്പോക്ക് സമരം നടത്തി.

2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി എന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരി വില്‍പ്പന പ്രഖ്യാപിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കാനുള്ള സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് എല്‍ഐസിയുടെ ഓഹരി വില്‍പന.അടുത്ത സെപ്തംബര്‍ മാസത്തോടെ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ പക്കലാണ്. ഇതിന്റെ പത്ത് ശതമാനം വിറ്റഴിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

രാജ്യത്ത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 1956ല്‍ രൂപീകരിച്ച എല്‍ഐസിക്ക് ഇപ്പോള്‍ 36 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. പോയവര്‍ഷം ലാഭവിഹിതമായി കേന്ദ്രത്തിന് 2610 കോടി കൈമാറി. എല്‍ഐസിയുടെ ഉപകമ്പനികളായി, 2019 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം അഞ്ച് സ്ഥാപനങ്ങളുണ്ട്. അവയിലൊന്നാണ് കേന്ദ്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഐഡിബിഐ ബാങ്ക്. എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, എല്‍ഐസി പെന്‍ഷന്‍ ഫണ്ട്, എല്‍ഐസി ക്രഡിറ്റ് കാര്‍ഡ്സ്, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എന്നിവയാണ് മറ്റ് ഉപകമ്പനികള്‍. എയര്‍ഇന്ത്യ വാങ്ങാന്‍ ആളെ അന്വേഷിച്ച് നടക്കുന്ന പോലെയാകില്ല കോടികണക്കിന് രൂപയുടെ ആസ്തിയുള്ള എല്‍ഐസിയുടെ കാര്യം. ചൂടപ്പം പോലെ എല്‍ഐസി ഓഹരികള്‍ വന്‍തുകയ്ക്ക് തന്നെ വിറ്റുപോയേക്കും. കാലങ്ങളായി എല്‍ഐസിയെ വിശ്വസിച്ച് നിക്ഷേപിച്ചവരും ഇപ്പോള്‍ ആശങ്കയിലാണ്.