‘സ്റ്റാലിൻ, താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടതാണ്, പിണറായി സംഘ്പരിവാറിനെ എതിർക്കുന്നയാളല്ല’; തമിഴ്നാട് മുഖ്യമന്ത്രിക്ക് നിയമവിദ്യാർത്ഥിയുടെ കത്ത്

Jaihind Webdesk
Sunday, April 10, 2022

 

തിരുവനന്തപുരം: സിപിഎം  പാർട്ടി കോൺഗ്രസില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സാന്നിധ്യത്തിലും പ്രസ്താവനകളിലും ആശങ്കയറിയിച്ച് നിയമവിദ്യാർത്ഥിയുടെ കത്ത്. തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥി ആയ അജ്മൽ കരുനാഗപ്പള്ളി ആണ് സ്റ്റാലിന് കത്തയച്ചത്.

പിണറായി വിജയൻ സംഘപരിവാറിനെതിരെ നിലകൊള്ളുന്ന വ്യക്തി ആണ് എന്ന തെറ്റിദ്ധാരണയിൽ ആണ് തമിഴ്നാട് മുഖ്യമന്ത്രി പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് എന്നും ഇത് കേരളത്തിലെ ജനാധിപത്യ വിശ്വാസികളിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പിണറായി വിജയൻ സംഘപരിവാർ അനുകൂലിയാണെന്ന് അടിവരയിടുന്ന കാര്യങ്ങൾ  കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാരിന്‍റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന കാവിവത്ക്കരണത്തിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുന്നില്ല. ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത് കേരളത്തിലെ ഒരു സ്കൂളില്‍ പതാക ഉയർത്തിയത് പിണറായി വിജയന്‍റെ ഭരണത്തിലാണ്. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നിരന്തരമായി നടത്തുന്ന ആർഎസ്എസ് നേതാക്കള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും പിണറായി സര്‍ക്കാർ തയാറാവില്ല. അതേസമയം സംഘപരിവാറിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റിടുന്നവര്‍ക്കെതിരെ പോലും കേസെടുക്കുന്നു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, സേവാ ഭാരതിയെ ദുരിതാശ്വാസ ഏജൻസി ആയി പ്രഖ്യാപിച്ചു, ആർഎസ്എസ് ആശയങ്ങൾ കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തി, വ്യാജ ഏറ്റുമുട്ടലുകൾ, സിപിഐയുടെ ദേശീയ നേതാവായ ആനി രാജ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ കേരള പോലീസിലെ കാവിവത്ക്കരണം, ആരാധനാലായങ്ങളിലെ ആർഎസ്എസ് പരിശീലനം, യുഎപിഎ ചുമത്തി കേസെടുക്കല്‍, എതിര്‍ശബ്ദം ഉയർത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുക തുടങ്ങി സംഘ്പരിവാറിന് ഒപ്പം നില്‍ക്കുന്ന നിലപാടുകള്‍ എല്ലാം തന്നെ തമിഴ്നാട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ അക്കമിട്ട് പറയുന്നു.

ഈ സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിലെ സ്റ്റാലിന്‍റെ സാന്നിദ്ധ്യം കേരളത്തിലെ ഇത്തരം സംഘപരിവാർ അനുകൂല സർക്കാർ നടപടികൾക്കും ജനദ്രോഹ നിലപാടുകൾക്കും ഉള്ള പിന്തുണ ആയി വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട്. കേരളത്തിലെ ജനങ്ങളുടെ  ആശങ്കയാണ് കത്തിലൂടെ താന്‍ പ്രതിഫലിപ്പിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ അജ്മല്‍ വ്യക്തമാക്കി.