മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം: പോലീസ് അതിക്രമം; വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്തു, വസ്ത്രം വലിച്ചുകീറി | VIDEO

Jaihind Webdesk
Wednesday, December 14, 2022

 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച യുഡിഎഫ് കൗൺസിലർമാർക്ക് നേരേ പോലീസ് അതിക്രമം. വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്ത പുരുഷ പോലീസ് ഇവരുടെ വസ്ത്രവും വലിച്ചു കീറി. നഗരസഭാ മന്ദിരവളപ്പിൽ നിന്നും ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബിനോയ് ഷാനൂർ തളർന്നുവീണിട്ടും പോലീസ് വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

നിയമന കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ നിഷേധിച്ച യുഡിഎഫ് കൗൺസിലർമാർക്ക് നേരേയാണ് പോലീസ് അതിക്രമം കാട്ടിയത്. നഗരസഭയ്ക്ക് പുറത്ത് യുഡിഎഫിന്‍റെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിൽ മന്ദിരവളപ്പിൽ നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ബിനോയ് ഷാനൂരിനെ കയ്യേറ്റം ചെയ്ത പോലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ കൗൺസിലർമാർ ഉൾപ്പെടെയുള്ള യുഡിഎഫ് പ്രവർത്തകർ ശക്തമായ പ്രതിഷേധമുയർത്തി. പോലീസ് ബലപ്രയോഗത്തിൽ തളർന്നുവീണ ബിനോയിയെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി.

ഇതിനിടയിൽ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത പുരുഷ പോലീസ് കൗൺസിലർ സതീദേവിയുടെ വസ്ത്രവും വലിച്ചു കീറി. സമാധാനപരമായ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമത്തുവാൻ സിപിഎം ശ്രമിക്കുകയാണെന്ന് യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് പത്മകുമാർ പറഞ്ഞു. അഴിമതിക്കാരിയായ മേയറുടെ രാജി ആവശ്യപ്പെട്ട് സമരം കൂടുതൽ ശക്തമാക്കുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.