സാധാരണക്കാരന്‍റെ വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി വീണ്ടും സർക്കാർ ഉത്തരവ്; പുതിയ കെട്ടിട നിർമാണ ചട്ടങ്ങൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ലെൻസ്‌ഫെഡ്

Jaihind News Bureau
Saturday, November 16, 2019

സാധാരണക്കാരന്‍റെ വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി പുതിയ ഒരു സർക്കാർ ഉത്തരവു കൂടി. സംസ്ഥാന സർക്കാരിന്‍റെ പുതിയ കെട്ടിട നിർമാണ ചട്ടങ്ങൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ലെൻസ്‌ഫെഡ്. സർക്കാരിന്‍റെ ഭവന പദ്ധതികൾ പോലും അവതാളത്തിലാക്കുന്ന വിധത്തിലാണ് പിണറായി സർക്കാരിന്‍റെ പുതിയ ചട്ടങ്ങളെന്നാണ് ആരോപണം.

കഴിഞ്ഞ നവംബർ എട്ടിനാണ് കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്‌കരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇതനുസരിച്ച് ഇനി മുതൽ പുതിയ വീടോ കെട്ടിടമോ നിർമിക്കുമ്പോൾ നടപ്പ് വഴിയാണെങ്കിൽ പോലും റോഡിൽ നിന്ന് അഞ്ചടി അകലം പാലിക്കണം. റോഡില്ലെങ്കിൽ അതിരിൽ നിന്ന് പത്തടി വിട്ട് വേണം വീട് പണിയാൻ.  പഴയ വീടിനോട് ചേർത്ത് ചായ്‌പ്പോ, കാർപോർച്ചോ പണിതാലും ഈ നിയമം ബാധകമാകും.

നേരത്തെ 1600 ചതുരശ്രയടിക്ക് താഴെ വിസ്തീർണമുള്ള വീടുകൾക്ക് മഴവെള്ള സംഭരണി നിർബന്ധമല്ലായിരുന്നു. എന്നാൽ ഇനി മുതൽ എല്ലാത്തരം കെട്ടിടങ്ങൾക്കും മഴ വെള്ള സംഭരണി വേണം.

കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നത് സ്വകാര്യ കന്പനിയുടെ പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറ്റുന്നതിനാണ് സർക്കാർ ചട്ടങ്ങൾ പരിഷ്‌കരിച്ചതെന്ന് ലെൻസ്‌ഫെഡ് ആരോപിക്കുന്നു. വൻ അഴിമതിയാണ് ഇതിന് പിന്നിലുള്ളത്. നിരവധി പരാതികൾ സർക്കാരിന് നൽകിയിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.