ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ സി.പി.എം വോട്ടുകള്‍ വന്‍തോതില്‍ ബി.ജെ.പിക്ക് ലഭിച്ചെന്ന വാര്‍ത്തകളെ ശരിവെച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടത് അനുഭാവികളുടെ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചെന്ന് യെച്ചൂരി തുറന്നുസമ്മതിച്ചു. തൃണമൂൽ കോണ്‍ഗ്രസില്‍ നിന്നും ആശ്വാസം ആഗ്രഹിച്ചവർക്ക് മുന്നിലെ സ്വാഭാവിക പ്രവണത ആയിരിക്കാം ഇതെന്നും യെച്ചൂരി പറഞ്ഞു. പരാജയകാരണം പരിശോധിക്കാൻ കേന്ദ്രകമ്മിറ്റി മറ്റന്നാൾ യോഗം ചേരാനിരിക്കെയാണ് യെച്ചൂരിയുടെ പരാമര്‍ശം. ഇടത് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയതായി ബംഗാള്‍ ഘടകവും കണ്ടെത്തിയിരുന്നു.
‘ബംഗാളില്‍ ഇടത് അനുഭാവ വോട്ടുകള്‍ ബി.ജെ.പിക്ക് പോയി. ഇടത് അംഗങ്ങളില്‍ നിന്നാവില്ല, ഇടത് അനുഭാവികളുടെ ഭാഗത്തുനിന്നാവാം വോട്ടുചോര്‍ച്ച ഉണ്ടായത്. തൃണമൂലിന്‍റെ അടിച്ചമര്‍ത്തലില്‍ നിന്നും അക്രമത്തില്‍ നിന്നും രക്ഷ നേടുന്നതിലാണ് എല്ലാവരും പ്രാമുഖ്യം നല്‍കുന്നത്. അതുകൊണ്ടാവാം അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തിരിക്കുക. ’- യെച്ചൂരി പറഞ്ഞു.
തൃണമൂലും ബി.ജെ.പിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്‍റെ ഫലമാണ് ഇടതിനേറ്റ പരാജയമെന്നും യെച്ചൂരി പറഞ്ഞു. ഇത്തവണ ‘വോട്ട് രാമന്, ഇടതു പാർട്ടികൾക്ക് പിന്നീട്’ എന്ന മുദ്രാവാക്യം പോലും തിരഞ്ഞെടുപ്പിനിടെ കേട്ടിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചടി അവലോകനം ചെയ്യാൻ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം ഏഴാം തീയതി തുടങ്ങാൻ ഇരിക്കെയാണ് സി.പി.എം വോട്ടുകൾ ബി.ജെ.പി.യിലേക്ക് വഴിമാറിയെന്ന് പാർട്ടി തുറന്നു സമ്മതിച്ചിരിക്കുന്നത്.
ഇടതിന് നേരിട്ട തിരിച്ചടിയെപ്പറ്റി പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടത് ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരിച്ചടിയായെന്ന് യെച്ചൂരി പറഞ്ഞു. മതേതര കക്ഷികള്‍ ഒന്നിക്കേണ്ടതിന്‍റെ ആവശ്യകതയും യെച്ചൂരി ചൂണ്ടിക്കാട്ടി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വോട്ട് വിഹിതമായ 29.93 ശതമാനത്തില്‍ നിന്ന് ഇത്തവണ 7.46 ശതമാനമായാണ് കുറഞ്ഞത്. അതേസമയം 17.02 ശതമാനത്തില്‍ നിന്ന് ബി.ജെ.പിയുടെ വോട്ടുവിഹിതം 40.25 ശതമാനമായി വര്‍ധിക്കുകയും ചെയ്തു