തോന്നുംപോലെ ബാറുകള്‍; പിന്നാലെ ‘പരസ്യ’ പ്രഹസനം : പരിഹാസ്യമായി ഇടതുസര്‍ക്കാരിന്‍റെ വൈരുദ്ധ്യാത്മക നിലപാട്

B.S. Shiju
Wednesday, March 4, 2020

തിരുവനന്തപുരം : ലഹരി വിരുദ്ധ പരസ്യത്തിന് ഒരു കോടി രൂപയിലധികം ചെലവഴിച്ച് സർക്കാരിന്‍റെ ‘പരസ്യ’ പ്രഹസനം. കെ.എസ്.ആർ.ടി.സി ബസിലെ പരസ്യത്തിന് മാത്രമാണ് ഒരു കോടിയിലധികം രൂപ സർക്കാർ അനുവദിച്ചത്. ബാറുകൾക്ക് തോന്നിയ പോലെ അനുമതി നൽകുമ്പോഴാണ് സർക്കാരിന്‍റെ നടപടിയെന്നതും വിചിത്രമാണ്. നിയമസഭയിൽ എക്സൈസ് മന്ത്രിയാണ് രേഖാമൂലം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലഹരി വർജനത്തിലൂടെ ലഹരി മുക്ത കേരളം എന്നായിരുന്നു ഇടതു സർക്കാരിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ യു.ഡി.എഫ് കാലത്ത് അടച്ചുപൂട്ടിയ ബാറുകൾ ഓരോന്നായി തുറന്നു. പുതിയ ബാറുകൾക്കും ലൈസൻസ് നൽകി. ലഹരി വർജനത്തിലൂടെ ലഹരി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി എക്സൈസ് വകുപ്പിന്‍റെ പ്രചരണ പരിപാടികൾ ഏതൊക്കെ ? ഇതിനായി കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പതിക്കുന്നതിനായി സർക്കാർ എത്ര തുക ചെലവഴിച്ചു എന്നായിരുന്നു നിയമസഭയിൽ റോജി എം ജോൺ, ശബരീനാഥൻ എം.എൽ.എ തുടങ്ങിയവർ ചോദ്യമുന്നയിച്ചത്. ഒരു കോടിയിലധികം രൂപ കെ.എസ്.ആർ.ടി.സി ബസിലെ പരസ്യത്തിന് മാത്രം ചെലവഴിച്ചെന്നാണ് രേഖാമൂലം എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ മറുപടി നൽകിയത്.

ഇടതുമുന്നണി അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 595 ആയി ഉയർന്നു.  29 ബാറുകള്‍ ഉണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോഴത്തെ 595 എന്ന സംഖ്യയിലേക്ക് ബാറുകളുടെ എണ്ണം ഇടതുസര്‍ക്കാർ കുത്തനെ ഉയർത്തിയത്. യു.ഡി.എഫ് സർക്കാർ പൂട്ടിയ ബാറുകൾ തുറന്നതിനു പുറമേ 158 പുതിയ ബാറുകളും 31 ബിയർ പാർലറുകളും നാല് വർഷത്തിനിടെ തുറന്നു. 378 ബിയർ-വൈൻ പാർലറുകളാണ് ത്രീ സ്റ്റാർ പദവി നേടി ബാർ ലൈസൻസ് എടുത്തത്. ദൂരപരിധി നിയമത്തിൽ ഇളവ് വരുത്തിയതുകാരണം 19 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിച്ചു.

ബാറുകൾ കൂടുന്നതനുസരിച്ച് ലൈസൻസ് ഫീസിനത്തിൽ സർക്കാരിന് നേട്ടമുണ്ടാകുന്നുവെന്ന വാദമുണ്ട്. ഇത്തരത്തിൽ ബാറുകൾ തോന്നും പടി അനുവദിക്കുന്നതിനിടെയാണ് ലഹരിവിരുദ്ധ പരസ്യത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുന്നതെന്ന വൈരുദ്ധ്യമാണ് ശ്രദ്ധേയമാകുന്നത്. ലഹരി മുക്ത കേരളമല്ല സർക്കാരിന്‍റെ ലക്ഷ്യമെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.