കടല്‍ കരാറില്‍ സർക്കാരിനെതിരെ ഇടത് മത്സ്യത്തൊഴിലാളി സംഘടനകളും ; കടുത്ത അമർഷം

Jaihind News Bureau
Monday, February 22, 2021

 

കൊല്ലം : കേരളത്തിന്‍റെ മത്സ്യ സമ്പത്ത് വി​ദേ​ശ​ കുത്തക ക​മ്പ​നിക്ക് തീറെഴുതാനുള്ള സംസ്ഥാന സർക്കാർ നീക്കത്തില്‍ ഇടത് മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കിടയിലും കടുത്ത എതിർപ്പ്. വി​ദേ​ശ ട്രോ​ള​റു​ക​ൾ​ക്കെ​തി​രെ എന്നും നിലപാട് സ്വീകരിച്ചിരുന്ന ഇ​ട​തു​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂണിയനുകള്‍ക്കിടയില്‍ സർക്കാർ നീക്കത്തിനെതിരെ കടുത്ത അമർഷമാണുള്ളത്. പ​ള്ളി​പ്പു​റത്ത് മ​ത്സ്യ സം​സ്ക​ര​ണ-​ക​യ​റ്റു​മ​തി യൂണിറ്റിന് നാ​ല് ഏ​ക്ക​ർ ഭൂമി അ​നു​വ​ദി​ച്ചെന്ന വാർത്തയിലും ഇവർക്ക് അതൃപ്തിയുണ്ട്.

സർക്കാർ നീക്കത്തിന് പിന്നിലെ ഗൂഢോദ്ദേശം തെളിവുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നതോടെയാണ് കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലായത്. മത്സ്യബന്ധനത്തിന്‍റെ മറവില്‍ കേരളത്തിന്‍റെ തീരദേശത്തെ മത്സ്യസമ്പത്ത് കവർന്നെടുക്കാനുള്ള നീക്കമാണ് കരാറിലൂടെ നടന്നത്. രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലിലൂടെയാണ് സർക്കാർ പ്രതിരോധത്തിലായതും കരാർ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കിയതും. തുടക്കത്തില്‍ ഒന്നും അറിഞ്ഞില്ല എന്ന ദുർബല വാദങ്ങളുയർത്തി തലയൂരാന്‍ ശ്രമിച്ചെങ്കിലും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും വ്യവസായമന്ത്രി ഇ.പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും പിന്നീട് എല്ലാം തിരുത്തേണ്ടിവന്നു. കൃത്യമായ തെളിവുകളോടെ പ്രതിപക്ഷ നേതാവ് ചമച്ച പത്മവ്യൂഹത്തില്‍ പെട്ട സർക്കാരിന് കരാർ പുനഃപരിശോധിക്കാന്‍ നിർദേശം നല്‍കേണ്ടിവരികയായിരുന്നു.

400 ട്രോ​ള​റു​ക​ളും, അ​ഞ്ച്​ മ​ദ​ർ ഷി​പ്പു​ക​ളും, ഏ​ഴ്​ ഹാ​ർ​ബ​റു​ക​ളി​ൽ സ്വ​ന്ത​മാ​യി ബെർ​ത്തു​ക​ളും സ്ഥാ​പി​ച്ച് ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തിന്‍റെ മ​റ​വി​ൽ തീ​ര​ക്ക​ട​ൽ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള കരാറാണിതെന്ന് വ്യക്തമായതോടെ കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യബന്ധന തൊഴിലാളികള്‍ ആശങ്കയിലാണ്. ഇടത് മത്സ്യത്തൊഴിലാളി സംഘടനകളും വിഷയത്തില്‍ സർക്കാരിനെതിരായ നിലപാടിലാണ്. വിദേശ കമ്പനികളുടെ ആധിപത്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​മാ​യി കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ഉ​ണ്ടാ​ക്കി​യ ധാരണാപത്രം  നി​രു​പാ​ധി​കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഓൾ ഇ​ന്ത്യ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ജോ​യ് സി ക​മ്പ​ക്കാ​ര​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഫിഷറീസ് മന്ത്രിക്കെതിരെയും സർക്കാരിനെതിരെയും വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഇന്ന് തോപ്പുംപടി ഹാര്‍ബറിലെ കെ.എസ്.ഐ.എന്‍.സി ഓഫീസ് ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. കരാറിനെതിരെ ഫെബ്രുവരി 27 ന് തീരദേശ ഹർത്താലിന് മല്‍സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്.