കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി: ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞ് വയോധികന്‍; മകനെതിരെ കേസ്

Jaihind Webdesk
Saturday, May 11, 2024

 

കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നതായി പരാതി. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. വെണ്ണല തിരുവാതിരയിൽ സുനിലിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് കിടപ്പുരോഗിയായ ഷൺമുഖൻ (67) നെ തനിച്ചാക്കി വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ നിന്നും പോവുകയായിരുന്നു.

മകന്‍ അജിത്തും കുടുംബവും വീട്ടുസാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. വെള്ളിയാഴ്ചയും ഇവർ എത്താതായതോടെ അയൽ വീടുകളിലെ ആളുകൾ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരാണ് കഴിഞ്ഞ രാത്രിയിൽ ഷൺമുഖന് ഭക്ഷണം നൽകിയത്. വീട്ടുടമ വിവരം അറിയിച്ചതോടെ  ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. ഇന്നു രാവിലെ പാലിയേറ്റീവ് പ്രവർത്തകരും വീട്ടിലെത്തി. ഷൺമുഖനെ ഉടൻ തന്നെ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റുമെന്ന് നഗരസഭ വൈസ് ചെയർമാൻ പ്രദീപ് കുമാർപറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഷൺമുഖനും മകന്‍റെ കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയത്.

ഷൺമുഖനെ മകൻ അജിത് നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു.