മുഖ്യമന്ത്രിക്കസേരയിലിരുന്ന് നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത് അപമാനകരം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

Jaihind Webdesk
Saturday, March 16, 2024

 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിഎഎക്കെതിരെ രാജ്യത്താകെ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിക്കെതിരെ നുണ പടച്ചുവിടാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി ഭരണകൂടത്തിനെതിരെ പോരാട്ടം നയിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപി വിരോധം പഠിപ്പിക്കാന്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പിലെത്തിയ മുഖ്യമന്ത്രി ശ്രമിക്കുന്നത് ഏറ്റവും വലിയ തമാശയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ കേസെടുത്തത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുകമറ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് അത് കൃത്യമായി ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്.

 

മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ മറുപടി:

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്‍റ് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതെന്തിന്?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേരളത്തിലെ സിപിഎമ്മിന്‍റേയും മാത്രം നരേറ്റീവാണ്. പരാജയഭീതിയിലായ സിപിഎമ്മിന്‍റെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇത്തരമൊരു ചോദ്യത്തിന് പിന്നില്‍. പാര്‍ട്ടി സെക്രട്ടറിയോ ബിജെപിക്ക് വേണ്ടി നാവ് വാടകയ്ക്ക് നല്‍കിയിരിക്കുന്ന നിങ്ങളുടെ കണ്‍വീനറോ ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ ഞങ്ങള്‍ അദ്ഭുതപ്പെടില്ല. പക്ഷെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു കൊണ്ട് പിണറായി വിജയന്‍ നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത് അപമാനകരമാണ്.

എഐസിസി മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് സിഎഎ വിഷയത്തിലുള്ള കോണ്‍ഗ്രസിന്‍റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. ജയ്‌റാം രമേശ് എക്‌സില്‍ നടത്തിയ പ്രതികരണത്തെ ഉദ്ധരിച്ച് മാര്‍ച്ച് 11, 12 തീയതികളില്‍ വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നാലരവര്‍ഷം കാത്തിരുന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സിഎഎ കൊണ്ടു വന്നതെന്നും ഇത് ഇലക്ഷന്‍ സ്റ്റണ്ടാണെന്നും ജയ്‌റാം രമേശ് പറഞ്ഞത് മുഖ്യമന്ത്രി കേട്ടില്ലേ? വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു, മുഖ്യമന്ത്രി സ്ഥാനത്തിന് മഹനീയതയും വിലയുമുണ്ട്. നട്ടാല്‍ കുരുക്കാത്ത കള്ളം പറഞ്ഞ് അത് കളയരുത്.

ഭാരത് ജോഡോ ന്യായ് യാത്രയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്?

സിഎഎ ഭേദഗതി നിയമത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസ്താവന പോലും കാണാത്ത മുഖ്യമന്ത്രിയുടെ ഈ ചോദ്യം അസംബന്ധം എന്നല്ലാതെ എന്താണ് പറയേണ്ടത്. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വിഭജനം ഇല്ലാതാക്കി രാജ്യത്തെ ഒന്നാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിഭാഗീയതയും വളര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ തന്നെയാണ് അദ്ദേഹം യാത്രയില്‍ ഉടനീളം സംസാരിക്കുന്നതും. രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളെ സംബന്ധിച്ചും അദ്ദേഹം ജനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

മോദി ഭരണകൂടത്തിനെതിരെ പോരാട്ടം നയിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപി വിരോധം പഠിപ്പിക്കാന്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പിലെത്തിയ മുഖ്യമന്ത്രി ശ്രമിക്കുന്നതാണ് ഏറ്റവും വലിയ തമാശ. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലിപ്പൊളിക്കാന്‍ എസ്എഫ്ഐ ക്രിമിനലുകളെ വിട്ടതും ബിജെപിയെ സന്തോഷിപ്പിക്കായിരുന്നില്ലേ? ബിജെപി നേതാക്കളെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും തടിയൂരാനുള്ള അഭ്യാസമാണ് താങ്കളുടേതെന്ന് ആര്‍ക്കാണ് അറിയാത്തത്.

ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടര്‍ന്ന 2019 ഡിസംബറില്‍ രാഹുല്‍ ഗാന്ധി എവിടെയായിരുന്നു?

പിണറായി വിജയന്‍ ബിജെപിക്ക് വേണ്ടിയാണോ സംസാരിക്കുന്നതെന്നു സംശയിച്ചു പോകുകയാണ്. ബിജെപി പോലും ഉയര്‍ത്താത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. ഇത് ആരെ പ്രീണിപിക്കാനാണെന്നതു വ്യക്തമാണ്. കോണ്‍ഗ്രസ് നടത്തിയ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി മുന്‍പന്തിയിലുണ്ടായിരുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ പോലും ഈ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമാണ്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം 2019 ഡിസംബര്‍ പത്തിന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന്, പൗരത്വം ഭേദഗതി നിയമം ഏറെ ദോഷകരമായി ബാധിക്കുന്ന അസമില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി കേട്ടില്ലേ? നിയമഭേദഗതിയെ എതിര്‍ത്തതിന്‍റെ പേരില്‍ ബിജെപി എംപിമാര്‍ രാഹുലിനെ കടന്നാക്രമിച്ചതിന്‍റെ വാര്‍ത്തകളും രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതൊന്നും പോരെങ്കില്‍ അക്കാലത്ത് പുറത്തിറങ്ങിയ ‘ദേശാഭിമാനി’ പരിശോധിച്ചാലും മതിയാകും. സിഎഎയ്‌ക്കെതിരെ രാജ്യത്താകെ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിക്കെതിരെ നുണ പടച്ചുവിടാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്നത് നല്ല ബോധ്യമുണ്ട്.

പൗരത്വ ഭേദഗതി വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താന്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് എന്തുകൊണ്ട് മുന്‍കൈയെടുത്തില്ല?

സിഎഎക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് രാജ്യത്ത് നടന്നത്. ഇന്ത്യാ ഗേറ്റിന് മുമ്പിലും പാര്‍ലമെന്‍റ് വളപ്പിലും കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭം ഉള്‍പ്പെടെയുള്ളവ പിണറായി മറന്നു പോയോ? ഇതിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ അങ്ങേയ്ക്ക് കൈമാറാം.

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്‍റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ?

കോണ്‍ഗ്രസിനും യുഡിഎഫിനും പ്രക്ഷോഭങ്ങള്‍ നയിക്കാനും വിജയത്തില്‍ എത്തിക്കാനുമുള്ള കരുത്തും ആര്‍ജ്ജവവുമുണ്ട്. ഏതായാലും ഈ വിഷയത്തില്‍ അങ്ങയുടെ പാര്‍ട്ടിക്കും മുന്നണിക്കും ഒപ്പമുള്ള ഒരു സമരത്തിനും ഇല്ലെന്നത് യുഡിഎഫ് നിലപാടാണ്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ 835 കേസുകളില്‍ 69 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചതെന്ന് 2023 സെപ്തംബര്‍ 13-ന് പി.ടി.എ. റഹീം എംഎല്‍എയ്ക്ക് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ നല്‍കിയ മറുപടിയുണ്ട്. ഇതാണ് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ്. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി ഇരുളിന്‍റെ മറവില്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്ന അങ്ങ്, പകല്‍ വെളിച്ചത്തില്‍ അതേ സംഘപരിവാറിനെതിരെ സമരത്തിന് പുറപ്പെടുന്നത് ജനങ്ങളെ കബളിപ്പിക്കല്‍ മാത്രമല്ലേ?

യോജിച്ച സമരങ്ങളില്‍ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്കവാള്‍ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു?

കോണ്‍ഗ്രസും ലീഗും തന്നെയല്ലേ കേരളത്തില്‍ സിഎഎയ്‌ക്കെതിരെ ഏറ്റവും ആദ്യം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നിട്ടും നിങ്ങളുടെ സര്‍ക്കാര്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുക്കുകയല്ലേ ചെയ്തത്. അത് ആരെ പ്രീതിപ്പെടുത്താനായിരുന്നെന്ന് ഇനിയും ചോദിക്കുന്നില്ല. സിഎഎയ്ക്കെതിരെ നിയമസഭ സംയുക്തമായി പാസാക്കിയ പ്രമേയം തള്ളിയ ഗവര്‍ണറെ മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തിന് അങ്ങയുടെ സര്‍ക്കാര്‍ അനുമതി തന്നില്ലല്ലോ. അന്ന് നിങ്ങള്‍ ഗവര്‍ണര്‍ക്കൊപ്പമായിരുന്നില്ലേ?

ഡല്‍ഹി കലാപസമയത്ത് ഇരകള്‍ക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ? സംഘപരിവാര്‍ ക്രിമിനലുകള്‍ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തില്‍ കോണ്‍ഗ്രസ് മൗനത്തിലായിരുന്നില്ലേ?

ഡല്‍ഹിയിലെ സിഎഎ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസ്- എഎപി ഗൂഢാലോചനയുണ്ടെന്നാണ് രാജ്യസഭയിലും ലോക്‌സഭയിലും ബിജെപി ആരോപിച്ചത്. കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ അടക്കം ഷെഹീന്‍ ബാഗില്‍ പോയത് മുഖ്യമന്ത്രിക്ക് ഓര്‍മ്മയില്ലേ?

എന്‍ഐഎ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയത് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചായിരുന്നില്ലേ? ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമഭേദഗതിക്കെതിരെ ലോകസഭയില്‍ കേരളത്തില്‍നിന്നും വോട്ടു ചെയ്തത് സിപിഎം എംപി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോ?

എന്‍ഐഎ ബില്‍ 2008-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അതിന്‍റെ തുടര്‍ച്ചയായാണ് 2019-ല്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് പ്രശ്‌നം. അതിനെതിരെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും കടുത്ത വിയോജിപ്പ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചതാണ്. എന്‍ഐഎ ഭേദഗതി നിയമം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ് ബിജെപി സര്‍ക്കാരിന്‍റെ ഉദ്ദേശ്യമെങ്കില്‍ അതിനെ ചെറുക്കുമെന്നത് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നയമാണ്. എസ്എഫ്ഐക്കാരായിരുന്ന അലനെയും താഹയെയും യുഎപിഎയില്‍ പെടുത്തിയപ്പോള്‍ അതിനെയും യുഡിഎഫ് പ്രതിരോധിച്ചത് അങ്ങ് മറന്നു കാണില്ലല്ലോ. അന്ന് വേട്ടക്കാരന്‍റെ റോളിലായിരുന്നില്ലേ നിങ്ങള്‍?