ശാസ്താംകോട്ട സുധീറിന്‍റെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, May 28, 2021

കൊല്ലം : അന്തരിച്ച കോൺഗ്രസ് നേതാവ് ശാസ്താംകോട്ട സുധീറിന്‍റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു. ഡി.ബി കോളേജിന് സമീപമുള്ള മനക്കര പഠിപ്പുര പടിഞ്ഞാറ്റതിൽ വീട്ടിലെത്തിയ ഇന്നലെ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

സുധീറിന്‍റെ മാതാവ് സൈനബ, ഭാര്യ റൂബി, മക്കളായ ഹയാൻ, ഹൈഫ, മറ്റ് കുടുംബാംഗങ്ങൾ എന്നിവര്‍ക്കൊപ്പം അര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സുധീറിന്‍റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഒരുപോലെ സ്നേഹിച്ച മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹമെന്നും വി.ഡി സതീശൻ അനുസ്മരിച്ചു. കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, എം.വി ശശികുമാരൻ നായർ, തുണ്ടിൽ നൗഷാദ്, വൈ ഷാജഹാൻ, ദിനേശ് ബാബു, ഗോകുലം അനിൽ, ഉല്ലാസ് കോവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീര്‍ മെയ് 21 നാണ് അന്തരിച്ചത്. രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ വിദ്യാര്‍ത്ഥി-യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.