കണ്ണൂരിൽ നിന്ന് കെ കരുണാകരൻ തൃശൂരിലേക്കെത്തിയത് ചിത്രരചന പഠിക്കാനായിരുന്നു. എന്നാൽ കാലമേറെ ചെന്നപ്പോൾ കരുണാകരൻ വരച്ചിട്ടത് കേരളത്തിന്റെ, ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിന്റെ ചിത്രമായിരുന്നു. ഓരോ കോൺഗ്രസുകാരന്റെ മനസിലും കരുണാകരന്റെ ചിത്രം പതിയുന്നത് ഇങ്ങനെയായിരിക്കും. ആ കണ്ണിറുക്കിയുള്ള ചിരിയും ആശ്വാസത്തിന്റെ കൈത്താങ്ങും സ്‌നേഹത്തിന്റെ പരിചരണവും കരുണാകരനെ പരിചയമുള്ള ആരുടേയും ഹൃദയത്തിൽ നിന്ന് പെട്ടെന്ന് മാഞ്ഞുപോകുന്ന ചിത്രമല്ല. അധികാരരാഷ്ട്രീയത്തിലും സംഘടനാ രാഷ്ട്രീയത്തിലും അതുല്യനായ ലീഡർക്ക് പകരക്കാരനില്ല എന്നതാണ് അദ്ദേഹം ചാർത്തിയ മുദ്ര.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ഇടതുപക്ഷപ്രസ്ഥാനത്തോടും പൊരുതിനേടിയ വിജയമായിരുന്നു ലീഡറുടേത്. അത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തായി ഇന്നും ഒരു വടവൃക്ഷം പോലെ നിറഞ്ഞുനിൽക്കുന്നു. തീരുമാനമെടുക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള ലീഡറുടെ മികവായിരുന്നു കേരളത്തിന്റെ വികസനത്തിന്റെ അടിസ്ഥാനശില. കേരളരാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ആരോപണങ്ങളുടെ കൂരമ്പുകൾ ഏറ്റിട്ടുപോലും കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് എതിരാളികളായ നേതാക്കളോടും പ്രവർത്തകരോടും സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഷയിലായിരുന്നു ലീഡർ സംസാരിച്ചിരുന്നത്.
ഒട്ടേറെ സവിശേഷതകളുടെ നിറസാന്നിധ്യമായി എന്നും ലീഡർ പൊതുരംഗത്ത് നിറഞ്ഞുനിന്നു. ഒരു കാർട്ടൂണിസ്റ്റിന് അല്ലെങ്കിൽ ഒരു ചിത്രകാരന് ലീഡറെ ഏതാനും ചില വരകളിൽ കോറിയിടാം. എന്നാൽ ലീഡറുടെ പൊതുപ്രവർത്തനത്തിന്റെ നീണ്ട നാളുകൾ അടയാളപ്പെടുത്താൻ എളുപ്പമല്ല എന്നതാണ് അദ്ദേഹത്തിന്റെ ജീവിതചിത്രത്തിൽനിന്നും പഠിക്കാനുള്ള പാഠം.