ജനത്തെ ബന്ദിയാക്കി എല്‍ഡിഎഫിന്‍റെ പ്രതിഷേധ നാടകം; ഗവർണറില്ലാത്ത രാജ്ഭവനിലേക്ക് മാർച്ച്

Tuesday, November 15, 2022

 

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനത്തെ ബന്ദിയാക്കി ​ഗവർണറില്ലാത്ത രാജ്ഭവനിലേക്ക് ഇടതു മുന്നണിയു‌ടെ പ്രതിഷേധ നാടകം. ഔദ്യോഗികാവശ്യങ്ങൾക്കായി പറ്റ്നയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്ളത്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചില്‍ പങ്കെടുക്കുന്നില്ല.

മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുത്താൽ കടുത്ത നിയമ പ്രശ്നങ്ങൾ മുൻനിർത്തി ​ഗവർണർക്ക് അവരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമുണ്ട്. ​ഗവർണർ നിയമിച്ച മന്ത്രിമാർക്ക് ​ഗവർണർക്കെതിരേ സമരം ചെയ്യാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ അതിന്‍റെ പേരിൽ മാത്രം മന്ത്രിമാരെ പിൻവലിക്കാൻ ​ഗവർണർക്ക് കഴിയുമെന്ന നിയമോപദേശത്തെ തുടർന്നാണ് പ്രക്ഷോഭത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിൽക്കുന്നത്.

ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുഫോസ് വിസി നിയമനത്തിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ ഇന്നത്തെ മാർച്ചിനെതിരെ ഗവർണർ പ്രതികരിക്കാനാണ് സാധ്യത.