പാളിയ തന്ത്രങ്ങൾ; പത്തി മടക്കി സി.പി.ഐ; തദ്ദേശ തിരിച്ചടിയിൽ എൽ.ഡി.എഫ് വിലയിരുത്തൽ

Jaihind News Bureau
Friday, January 9, 2026

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ഗൗരവകരമായ ചർച്ചകളുമായി ഇടതുമുന്നണി. മുന്നണിയിലെ ഐക്യമില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് പരാജയത്തിന്റെ പ്രധാന കാരണങ്ങളായി മുന്നണി യോഗം വിലയിരുത്തിയത്. ചിലയിടങ്ങളിൽ വിമത സ്ഥാനാർത്ഥികളുടെ സാന്നിധ്യം വോട്ട് ചോർച്ചയ്ക്ക് കാരണമായി. കൂടാതെ, ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നും, ഇത് പ്രതിരോധിക്കുന്നതിൽ മുന്നണി പരാജയപ്പെട്ടുവെന്നും യോഗം വിലയിരുത്തി.

ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവുമാണ് പരാജയത്തിന് കാരണമെന്ന് സ്വന്തം പാർട്ടി യോഗങ്ങളിൽ സി.പി.ഐ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ മുന്നണി യോഗത്തിൽ ഈ നിലപാടുകൾ ശക്തമായി ഉന്നയിക്കാൻ സി.പി.ഐ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. സി.പി.എമ്മിന് മുന്നിൽ വഴങ്ങുന്ന പതിവ് രീതി തന്നെ സി.പി.ഐ തുടർന്നുവെന്നും, കടുത്ത വിമർശനങ്ങൾ ഉന്നയിക്കാതെ മൃദുസമീപനമാണ് സ്വീകരിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തിരുത്തൽ നടപടികൾ ആവശ്യപ്പെടുമെന്ന് കരുതിയെങ്കിലും ഒടുവിൽ സി.പി.എം നിലപാടുകൾക്കൊപ്പം സി.പി.ഐ നിൽക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ‘മേഖലാ ജാഥകൾ’ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.