ഇഎഫ്എൽ നിയമം അട്ടിമറിക്കാൻ സർക്കാർ നീക്കം

Jaihind News Bureau
Wednesday, November 25, 2020

ഇഎഫ്എൽ നിയമം അട്ടിമറിക്കാൻ സർക്കാർ നീക്കം. സ്വകാര്യ എസ്റ്റേറ്റ് ഉടമയെ സഹായിക്കാൻ കോഴിക്കോട് കുറ്റ്യാടിയിലെ അഭിരാമി പ്ലാൻ്റേഷൻ ഏറ്റെടുത്ത വനംവകുപ്പ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ രൂപീകരിച്ചു. പ്ലാൻ്റേഷൻ ഉടമ നൽകിയ നിവേദനത്തെ തുടർന്നാണ് സർക്കാർ ഉടമയെ തന്നെ ഉൾപ്പെടുത്തി സമിതി രൂപികരിച്ചത്.

ഇഎഫ്എൽ നിയമപ്രകാരം വനംവകുപ്പ് 2000ൽ ആണ്. കുറ്റ്യാടിയിൽ 219.51 ഏക്കർ ഭൂമി ഏറ്റടുത്തത്. അഭിരാമി പ്ലാൻ്റേഷൻ റിസോർട്ട് എന്ന കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ഇഎഫ്എൽ നിയമപ്രകാരം ഏറ്റെടുത്തത്. നാലംഗ സമിതിയുടെ പരിശോധനയിൽ വനഭൂമിയാണെന്നും തോട്ടമല്ലെന്നും കണ്ടെത്തിയതോടെ ഇഎഫ്എൽ കസ്റ്റോഡിയൻ നടപടി ശരിവച്ചു. പ്ലാൻറേഷൻ കമ്പനി ട്രൈബ്യൂണലിൽ പോയെങ്കിലും അപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. 

എന്നാൽ ഇഎഫ്എൽ നിയമപ്രകാരം ഹൈക്കോടതിയെ സമീപിക്കാൻ ഉടമയ്ക്കു സാധ്യമായിരുന്നെങ്കിലും അതിന് പകരം കമ്പനി ഉടമ ഈ സർക്കാരിൻ്റെ കാലത്ത് വനംമന്ത്രിക്ക് അപേക്ഷ നൽകിയതിൽ നിന്നാണ് വഴിവിട്ട നീക്കം ആരംഭിക്കുന്നത്. പ്ലാൻ്റേഷൻ കമ്പനിയുടെ അപേക്ഷയിൽ സമിതിയുണ്ടാക്കാൻ ഈ മാസം മൂന്നിന് സർക്കാർ ഉത്തരവിറക്കി. എന്നാൽ ഇഎഫ്എൽ നിയമ പ്രകാരം സർക്കാരിന് ട്രിബ്യൂണൽ ഉത്തരവ് പുനഃപരിശോധിക്കാൻ സമിതി ഉണ്ടാക്കാൻ വ്യവസ്ഥയില്ല. മാത്രമല്ല ഈ സമിതിയിൽ അഭിരാമി പ്ലാൻ്റേഷൻ ഉടമയെയും ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം.

വനംവകുപ്പ് ഉദ്യോഗസ്ഥൻ, പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസത്രജ്ഞൻ, കോഫി ബോർഡ് അംഗം, കൃഷിവകുപ്പിൻ്റെ പ്രതിനിധി എന്നിവരാണ് സമിതികള്‍ അംഗങ്ങള്‍. പുതിയ സമിതിയെ വച്ച് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഇഎഫ്എൽ കസ്റ്റോഡിയൻ കൂടിയായ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ സർക്കാരിന് കത്തു നൽകിയെങ്കിലും സമിതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. വനഭൂമി അഭിരാമി പ്ലാൻ്റേഷന് വിട്ടുകൊടുക്കാനാണ് സർക്കാർ സമിതി ഉണ്ടാക്കിയതെന്ന് പകൽ പോലെ വ്യക്തമാകുകയാണ്.