കാസ്ട്രോയെ അനുസ്മരിക്കാനും ലക്ഷങ്ങള്‍ ധൂർത്തടിച്ച് സർക്കാർ ; ചടങ്ങിനായി ചെലവിട്ടത് 26 ലക്ഷത്തിലേറെ രൂപ

Jaihind News Bureau
Friday, August 7, 2020

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും മണ്‍മറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളെ അനുസ്മരിക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് ലക്ഷങ്ങള്‍. ഫിദല്‍ കാസ്‌ട്രോ അനുസ്മരണച്ചടങ്ങിനു മാത്രം 26 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.

2016 നവംബര്‍ 29 ന്  ഫിദല്‍ കാസ്‌ട്രോയുടെ അനുസ്മരണ പരിപാടി നടത്താന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സ്റ്റേജ് അലങ്കാരത്തിനും ഇവന്‍റ് മാനേജമെന്‍റ് നടത്തിപ്പിനുമായി  1,07,500 രൂപയാണ് ചെലവഴിച്ചത്. ക്ഷണക്കത്ത് അച്ചടിക്കാനും വിതരണത്തിനും ചെലവഴിച്ചത്  30,245 രൂപ. വിവരാവകാശ പ്രവര്‍ത്തകനും കൊച്ചി സ്വദേശിയുമായ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച രേഖകള്‍ പ്രകാരം 70 ഓളം പത്രങ്ങള്‍ക്കാണ്  പരിപാടിയുടെ പരസ്യം നല്‍കിയത്.  ഇതിനായി സർക്കാർ ഖജനാവില്‍ നിന്നും  26,60,082 രൂപയാണ് പൊടിച്ചത്.

നോട്ട് നിരോധനം മൂലം സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയാണ്  പരിപാടിക്ക് വേണ്ടി ഇത്രയും ധൂര്‍ത്ത് നടത്തിയത്. പൊതുഭരണ വകുപ്പ് (പൊളിറ്റിക്കല്‍) വകുപ്പ് ധനവകുപ്പിന്‍റെ അനുമതി തേടാതെയാണ് പണം ചെലവഴിച്ചത്. 2017 മെയ് ഒമ്പതിന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് (സി) വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ (നം: 4384/സി2/2017/ ഐ & പി ആര്‍) 70 ഓളം വരുന്ന മാധ്യമങ്ങളുടെ ലിസ്റ്റും ബില്‍ സമര്‍പ്പിച്ച മാധ്യമങ്ങള്‍ക്ക് 2,32,560 രൂപ അനുവദിച്ചു എന്നും അവകാശപ്പെടുന്നു.