പ്രളയ ദുരിതത്തിനിടെ സർക്കാർ ധൂർത്ത് തുടരുന്നു; ടൂറിസം വകുപ്പിന് ആഢംബര വാഹനം വാങ്ങാന്‍ 45 ലക്ഷം

സംസ്ഥാനം പ്രളയദുരിതത്തില്‍ വലയുമ്പോഴും പിണറായി സര്‍ക്കാർ ധൂര്‍ത്ത് തുടരുന്നു. പ്രളയ ദുരിതാശ്വാസത്തിനും കേരളപുനർനിര്‍മാണത്തിനുമായി ചെലവുകള്‍ പരമാവധി കുറയ്ക്കണമെന്ന് തത്വത്തില്‍ ധാരണയുള്ളപ്പോഴും സർക്കാര്‍ ധൂര്‍ത്തിന് ഒരു കുറവുമില്ല.

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണമെന്ന തീരുമാനം നിലനില്‍ക്കെ അര കോടിയോളം രൂപയാണ് ടൂറിസം വകുപ്പിന് ആഢംബര വാഹനം വാങ്ങാനായി അനുവദിച്ചിരിക്കുന്നത്. ധനവകുപ്പിനെ മറികടന്ന് നാല്‍പത്തിനാല് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരം രൂപയാണ് (44,91,000) ടൂറിസം വകുപ്പ് കാബിനറ്റില്‍ വെച്ച് പാസാക്കിയെടുത്തത്. അതാത് വകുപ്പുകള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയില്‍ നിന്നെന്ന് കാട്ടിയാണ് ധനവകുപ്പ് തീരുമാനത്തെ മറികടന്ന് ബില്‍ തുക പാസാക്കിയെടുത്തത്.

പുതിയതായി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതിന് വേണ്ടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് കാറുകള്‍ വാങ്ങിയതെന്നോ ഏത് അടിയന്തര സാഹചര്യത്തിലാണ് ഈ തീരുമാനം എന്നതോ സംബന്ധിച്ച് വ്യക്തതയില്ല എന്നത് ദുരൂഹമായി അവശേഷിക്കുന്നു. പ്രളയ മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ അമിതഭാരമായി പ്രളയ സെസ് കൂടി അടിച്ചേൽപിക്കുമ്പോഴാണ് സര്‍ക്കാരിന്‍റെ ഈ ധൂർത്തെന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്.

കഴിഞ്ഞ ജൂലൈ 11 നാണ് ടൂറിസം വകുപ്പ് ഡയറക്ടർ വാഹനം വാങ്ങുന്നതിനുള്ള അനുമതിക്കായി ധനവകുപ്പിനെ സമീപിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് അനുമതി നിഷേധിച്ചു. തുടർന്ന് ഓഗസ്റ്റ് 13ന്  ടൂറിസം വകുപ്പില്‍ നിന്ന് (e-file No. 153/19 ) വാഹനം വാങ്ങുന്നതിന് ധന എക്സപെൻഡിച്ചർ സെക്ഷനിലേക്കും അവിടെനിന്ന് ഈ മാസം 19ന് ബജറ്റ് വിംഗിലേക്കും ഫയല്‍ എത്തി.  തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 20ന് 44,91,000 രൂപ അനുവദിച്ചുകൊണ്ട് കാബിനറ്റ് അനുമതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ 2 മാസമായി 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനവകുപ്പ് പുതിയ വാഹനം വാങ്ങുന്നതിനുൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ടൂറിസം വകുപ്പിന് അര കോടിയോളം രൂപ അനുവദിച്ചത്. സംസ്ഥാനം രണ്ടാമതും പ്രളയത്തില്‍ സമാനതകളില്ലാത്ത ദുരിതം പേറുന്നതിനിടെ ഓരോ ചില്ലിക്കാശും ദുരിതാശ്വാസത്തിനും പുനര്‍നിർമാണത്തിനും പ്രയോജനപ്പെടുത്തേണ്ട സമയത്താണ് ഇത്തരത്തില്‍ സർക്കാര്‍ ധൂര്‍ത്ത് നടത്തുന്നത്.

kerala floodsinnova crista
Comments (0)
Add Comment