പോകുന്ന പോക്കിലും കടുംവെട്ട് ; ആനത്തലവട്ടത്തിന്‍റെ മകന് ശമ്പളം മൂന്നിരട്ടിയാക്കി ഉത്തരവ്

Jaihind News Bureau
Sunday, February 28, 2021

 

തിരുവനന്തപുരം : അവസാന കാലത്തും കടുംവെട്ട് തുടർന്ന് സർക്കാർ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍റെ മകന്‍റെ ശമ്പളം മൂന്നിരട്ടിയാക്കിക്കൊണ്ട് സർക്കാർ ഉത്തരവായി. കിൻഫ്ര മാനേജിംഗ് ഡയറക്ടർ പോസ്റ്റ്  റീ ഡെസിഗിനേറ്റ് ചെയ്ത് സി.ഇ.ഒ ആക്കിയാണ് ശമ്പള സ്കെയിൽ ഉയർത്താനുള്ള കടമ്പകൾ കടന്നത്. മുൻകാല പ്രാബല്യത്തോടെയുള്ള നിയമനമായതിനാല്‍ നാല് വർഷത്തെ കുടിശികയായി കിട്ടുക ഒരു കോടിയോളം രൂപയാണ്. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്.

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍റെ മകൻ ജീവ ആനന്ദിനെയാണ് കിൻഫ്ര എം.ഡി സ്ഥാനം തിരുത്തി സി.ഇ.ഒ ആക്കിയത്. ഉന്നത സി.പി.എം നേതാവിന്‍റെ മകന്‍റെ ശമ്പളം മൂന്നിരട്ടിയോളമാണ് വർധിപ്പിച്ചത്. 23200 – 31150 ശമ്പള സ്കെയിൽ 46640-59840 സ്കെയിൽ ആയി ആണ് ഉയർത്തിക്കൊണ്ട് ഫെബ്രുവരി 10 ന് സർക്കാർ ഉത്തരവിറക്കി. ഇതോടെ ജോലിയിൽ പ്രവേശിച്ച 22-9-16 മുതലുള്ള മുന്‍കാലപ്രാബല്യത്തോടെ ശമ്പളം ഉയർത്തിയത് വഴിയുള്ള ആനുകൂല്യം ജീവ ആനന്ദന് ലഭിക്കുകയും ചെയ്യും. മാനേജിംഗ് ഡയറക്ടർ പോസ്റ്റ് റീ ഡെസിഗിനേറ്റ് ചെയ്ത് സി.ഇ.ഒ ആക്കിയാണ് ശമ്പള സ്‌കെയിൽ ഉയർത്താനുള്ള കടമ്പ മറികടന്നത്. ഏകദേശം 1 കോടി രൂപ ഇതു വഴി കുടിശികയായി ജീവ ആനന്ദിന് ലഭിക്കും.

നേരത്തെ ബന്ധുനിയമന വിവാദം ഉയർന്നപ്പോഴും ജീവ ആനന്ദന്‍റെ നിയമനം ചർച്ചയായിരുന്നു. എന്നാൽ യോഗ്യതയുള്ള ആളെയാണ് നിയമിച്ചതെന്ന് പറഞ്ഞ് ആനത്തലവട്ടത്തിന്‍റെ മകനെതിരെ നടപടി എടുത്തില്ല. ഈ വിവാദത്തിൽ മന്ത്രി ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നിരുന്നു. പിന്നീട് തിരിച്ചെത്തി. അപ്പോഴും ആനത്തലവട്ടത്തിന്‍റെ മകനോട് കരുതൽ കാട്ടുകയാണ് മന്ത്രി. ശമ്പള സ്‌കെയിൽ ഉയർത്തിയതിൽ അല്ല അതിന് മുൻകാല പ്രാബല്യം നൽകിയതാണ് കൂടുതൽ വിവാദമാകുന്നത്. ഇത് ഖജനാവ് കൊള്ളയടിക്കലാണെന്നാണ് ഉയരുന്ന ആരോപണം. അതീവ രഹസ്യമായാണ് ഇതിന്‍റെ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്തായാലും മന്ത്രി ഇ.പി ജയരാജന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും സ്വജനപക്ഷപാത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.