20 മണിക്കൂർ പറക്കാന്‍ 80 ലക്ഷം, അധിക മണിക്കൂറിന് 90,000 വീതം; ധൂർത്ത് തുടർന്ന് സർക്കാർ

 

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സാമ്പത്തിക ധൂർത്ത് ആവർത്തിച്ച് സർക്കാർ.
കേരള പൊലീസിനായുള്ള ഹെലികോപ്ടറിന്‍റെ വാടക സംബന്ധിച്ച് സര്‍ക്കാര്‍ ചിപ്സണ്‍ ഏവിയേഷനുമായി നടത്തുന്ന ചര്‍ച്ച ഇന്ന്. വാടക കരാർ സംബന്ധിച്ച അന്തിമ ചർച്ചയാണ് ഇന്ന് നടക്കുക. കേരള പൊലീസിനായി ചിപ്സണ്‍ ഏവിയേഷന്‍റെ ഹെലികോപ്ടര്‍ മൂന്നു വർഷത്തേക്ക് ആണ് എടുക്കുന്നത്. 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്ക്കാണ് കരാര്‍.

ചിപ്സൺ ഏവിയേഷന്‍റെ ആറ് പേർക്ക് ഇരിക്കാവുന്ന ഹെലികോപ്ടറാണ് മൂന്നു വർഷത്തേക്ക് സംസ്ഥാന സർക്കാർ വാടകയ്ക്കെടുക്കുന്നത്. ഹെലികോപ്റ്റർ 20 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയ്ക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാര്‍. ഇതുകഴിഞ്ഞുള്ള ഓരോ മണിക്കൂറും 90,000 രൂപ അധികമായി നൽകണമെന്നും പുതിയ സാമ്പത്തിക ടെണ്ടറിൽ ചിപ്സണ്‍ ഏവിയേഷൻ വ്യക്തമാക്കുന്നുണ്ട്.

പ്രതിമാസം 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയ്ക്ക് കരാർ പോലുമില്ലാതെ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പവൻ ഹൻസ് എന്ന കമ്പനിക്ക് നല്‍കിയ ഹെലികോപ്റ്റർ കരാർ വളരെയധികം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറു പേർക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ സർക്കാർ വീണ്ടും ലക്ഷങ്ങൾ ചെലവാക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ആവർത്തിക്കുമ്പോഴാണ് സർക്കാർ ധൂർത്ത് അവസാനിപ്പിക്കാന്‍ തയാറാകാത്തത്.

Comments (0)
Add Comment