ആദിവാസി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി

 

മലപ്പുറം : ആദിവാസി ഫണ്ട് തട്ടിയ കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറുമായിരുന്ന പിഎം ബഷീര്‍ ആണ് മത്സരിക്കുന്നത്. ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതിയായ ബഷീറിനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ 8ാം വാര്‍ഡില്‍ നിന്നാണ് ബഷീർ ഇടത് മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ഭവനപദ്ധതിയില്‍ ക്രമക്കേട് നടത്തി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ബഷീർ.

ഐടിഡിപിയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെട്ട അഗളി ഗ്രാമ പഞ്ചായത്തിലെ ഭൂതിവഴി ഊരിലെ ഏഴ് വീടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെടുത്തെന്നാരോപിച്ച് ഊരുവാസികള്‍ തന്നെ നല്‍കിയ പരാതിയിൽ രണ്ട് കേസുകളാണ് നിലവിലുള്ളത്.

എന്നാൽ താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലന്നും സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഒരാളെ സഹായിച്ചത് കൊണ്ടാണ് കേസിൽ അകപ്പെട്ടതെന്നും ബഷീർ പറയുന്നു. അതേസമയം സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ ബഷീറിനെതിരെ സിപിഐയിലെ തന്നെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.

Comments (0)
Add Comment