ഇടതുഭരണത്തില്‍ ടി.പി വധക്കേസ് പ്രതികള്‍ക്ക് പരോളിന്‍റെ ചാകരക്കാലം; സിബിഐക്ക് കൈമാറാത്തതിന് പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളി

Jaihind Webdesk
Sunday, July 24, 2022

തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം ടി.പി ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ആനുകൂല്യങ്ങൾ. കെ.സി രാമചന്ദ്രന് ലഭിച്ചത് 924 ദിവസത്തെ പരോളെന്ന് വിവരാവകാശരേഖ. കേസില്‍ യുഡിഎഫ് സർക്കാർ ശുപാർശ ചെയ്ത സിബിഐ അന്വേഷണത്തിന് തടയിടുന്നതിന് പിന്നില്‍ സിപിഎം-ബിജെപി ഒത്തുകളിയെന്നും ആക്ഷേപമുണ്ട്.

ടിപി കൊലക്കേസിലെ പ്രതികൾക്ക് ഇടതുസർക്കാർ നൽകിയ കൈയയച്ചുള്ള സഹായങ്ങളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവരുന്നത്. പരോൾ ഇനത്തിൽ പ്രതികൾക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ആനുകൂല്യങ്ങളാണ്. കെ.കെ രമയ്ക്കെതിരായ വധ ഭീഷണിക്കത്ത് ചർച്ചയാകുന്നതിനിടെയാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് നൽകിയ വിവരാവകാശ മറുപടി പുറത്തു വരുന്നത്. ടി.പി കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാരായ പ്രതികള്‍ക്ക് 2016 ന് ശേഷം വാരിക്കോരി പരോൾ നൽകിയെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.

കണ്ണൂർ ജയിലിൽ കഴിയുന്ന കെ.സി രാചമന്ദ്രൻ 924 ദിവസവും പരോളിൽ പുറത്തായിരുന്നു . മനോജൻ 826 ദിവസവും ടി.കെ രജീഷ് 819 ദിസവും പരോളിലായിരുന്നു. മുഹമ്മദ് ഷാഫി 372 ദിവസവും സിജിത്തിനും ഷിനോജിനും 370 ദിവസം വീതവും പരോൾ കിട്ടി. അതെ സമയം ഗൂഢാലോചന, ഉന്നത രാഷ്ട്രീയ ബന്ധം എന്നിവ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തത്.

കൊഫേ പോസ പ്രതി ഫായിസിന് ടി.പി കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം നൽകിയെന്നും പ്രത്യേക സംഘം കണ്ടെത്തി. സാമ്പത്തിക സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇത് പരിഗണിച്ച് യുഡിഎഫ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. എന്നാൽ അന്വേഷണം സിബിഐക്ക് കൈമാറാത്തതിനുപിന്നിൽ സിപിഎം-ബിജെപി ഒത്തുകളിയെന്നാണ് ആക്ഷേപം. ടി.പി വധക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.