നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-ബിജെപി ഡീല്‍ വിജയിച്ചു ; യുഡിഎഫിന് തിരിച്ചടിയായത് വോട്ട് കച്ചവടം

Jaihind Webdesk
Monday, May 3, 2021

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപി – എല്‍ഡിഎഫ്  വോട്ട് കച്ചവടം. ഇടത് – ബി.ജെ.പി സഖ്യം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് പിണറായിയുടെ ഭരണത്തുടര്‍ച്ച യാഥാര്‍ത്ഥ്യമായി. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുടെ അന്വേഷണം മന്ദഗതിയിലാക്കിയും  ലൈഫ് മിഷനിലെ അഴിമതികള്‍ ഒളിപ്പിച്ചും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതോടെയാണ് സി.പി.എമ്മിന്‍റെ തുടര്‍ഭരണം യാഥാര്‍ത്ഥ്യമായത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നു എന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് ആക്ഷേപം. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തകർത്ത് ബിജെപിയെ പ്രതിപക്ഷത്ത് എത്തിക്കാനായിരുന്നു നീക്കം.

വിവിധ മണ്ടലങ്ങളിലെ എല്‍ഡിഎഫിന്‍റെയും ബിജെപിയുടേയും വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോള്‍ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിലേക്ക്  പോയതായി വ്യക്തമാകുന്നു. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളായ അരുവിക്കര, തിരുവനന്തപുരം, എന്നിവിടങ്ങളില്‍ ഇക്കുറി വോട്ട് കച്ചവടം പ്രകടമായിരുന്നു. പ്രചാരണരംഗത്ത് തന്നെ പിന്നോക്കം പോയ ആന്‍റണി രാജുവിനെ ബിജെപി സഹായിച്ചതോടെയാണ് തിരുവനന്തപുരത്ത് ഇടതുപക്ഷം ജയിച്ചുകയറിയത്. അരുവിക്കരയില്‍ സി. ശിവന്‍കുട്ടി തന്നെ മുന്‍കൈയെടുത്ത് ജി.സ്റ്റീഫനെ വിജയിപ്പിക്കുകയായിരുന്നു. വടക്കന്‍ കേരളത്തിലും ഇതേ നിലയിലുള്ള തന്ത്രമാണ് ബി.ജെ.പി പുറത്തെടുത്തത്. 2016ല്‍ സി.പി.എമ്മിനെ അട്ടമറിച്ച് കുറ്റ്യാടിയില്‍ നേടിയ വിജയം ഇക്കുറി ആവര്‍ത്തിക്കാനായില്ല. 12327 വോട്ടുകളാണ് ബിജെപി കഴിഞ്ഞ തവണ അവിടെ നേടിയത്. ഇത്തവണ അത് 9139 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ മത്സരിച്ച ബി.ഡി.െജ.എസ് സ്ഥാനാര്‍ത്ഥി 8749 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ അമത സീറ്റില്‍ ബി.ജെ.പി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചത് വെറും 7794 വോട്ടുകളാണ്. അവിടെയും ഡീല്‍ നടന്നുവെന്നത് ഇതോടെ വ്യക്തമായി. നാദാപുരത്ത് 14493 വോട്ടുകള്‍ കഴിത്ത തവണ നേടിയപ്പോള്‍ ഇത്തവണ അത് 10290 വോട്ടുകളായി ചുരുങ്ങി. ഇതോടെ അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 3385 വോട്ടുകളുടെ ചെറിയ മാര്‍ജിനില്‍ വിജയിച്ചു.

കഴിഞ്ഞ തവണ 16230 വോട്ടുകള്‍ മാനന്തവാടിയില്‍ നേടിയ ബി.ജെ.പിക്ക് ഇക്കുറി ലഭിച്ച 13142 വോട്ടുകള്‍. വയനാട്ടില്‍ ഇടതുപക്ഷം ജയിച്ച ഏക മണ്ഡലമായി അത് മാറുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമായതിനാല്‍ തന്നെ ഒ.ആര്‍ കേളുവിനെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി പുറത്തെടുത്തത്. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വോട്ട് മറിച്ചു. രണ്ടായിരത്തില്‍ കുടുതല്‍ വോട്ടുകളുടെ കുറവാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അവിടെയുണ്ടായത്. വി.ടി.ബല്‍റാം, അനില്‍അക്കര, ഷാഫി പറമ്പില്‍ എന്നിവരെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. സംസ്ഥാന വ്യാപകമായി ലഭിച്ച സഹായത്തിന് പകരമായി ഇ.ശ്രീധരനെ പാലക്കാട്ട് നിന്ന് വിജയിപ്പിക്കാമെന്ന വാക്കാണ് പിണറായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. ഇത് അവസാനം വരെ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചിരുന്നു. സി.പി.എമ്മിന്‍റെ സഹായം കൂടി ലഭിച്ചതോടെ ശ്രീധരന്‍റെ ലീഡ് നില കുത്തനെ ഉയര്‍ന്നു. എന്നാല്‍ അവസാനറൗണ്ടില്‍ ഷാഫി വിജയിച്ച് കയറുകയായിരുന്നു.

കുന്നത്ത് നാട്ടില്‍ വി.പി സജീന്ദ്രനെ തോല്‍പ്പിക്കാന്‍ ശ്രീനിജനെ സഹായിച്ചത് ബി.ജെ.പി വോട്ടുകളായിരുന്നു. 29843 വോട്ടുകള്‍ 2019ല്‍ അവിടെ നേടിയ ബി.ജെ.പി ഇത്തവണ വെറും 7218 വോട്ടുകളാണ് നേടിയത്. അവിടെ എല്‍.ഡി.എഫ് വിജയിച്ചത് 2715 വോട്ടുകള്‍ക്ക് മാത്രമാണ്. ഇടുക്കിയിലും കൊച്ചിയിലും കോതമംഗലത്തും ഇതേ കാര്യമാണ് നടന്നത്. ചവറയില്‍ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്താന്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സുജിത്ത് ബിജെപിയുമായുള്ള ഡീല്‍ നടപ്പാക്കുകയായിരുന്നു. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ കോണ്‍ഗ്രസിന്‍റെ യുവമുഖമായ ശരത്തിനെ തോല്‍പ്പിക്കാന്‍ ബിജെപി കച്ചമുറുക്കിയതും പി.പ്രസാദിന്‍റെ ജയത്തിന് വഴിയെരുക്കി. ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായുള്ള പരസ്പര സഹകരണമായിരുന്നു സി.പി.എം – ബി.ജെ.പി സഖ്യം തെരെഞ്ഞെടുപ്പില്‍ പുറത്തെടുത്തത്.