നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണി വര്‍ഗീയ കക്ഷികളുടെയും അഴിമതിക്കാരുടെയും കൂടാരമായി മാറിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വേലായുധന്റെ സര്‍പ്പയജ്ഞം പോലെയാണ് ഇപ്പോള്‍ ഇടതുമുന്നണി. വര്‍ഗീയതയേയും അഴിമതിയേയും ഒരുപോലെ പരിപാലിക്കുന്ന ഇടതുമുന്നണിക്ക് എല്ലാംകൊണ്ടും അനുയോജ്യരാണ് ഇവര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിക്ക് കളങ്കമായ ഈ നീക്കത്തിന് നേതൃത്വം കൊടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഐ.എന്‍.എല്ലിനെ വര്‍ഗീയ കക്ഷിയായി കരുതിയതുകൊണ്ടാണ് ദീര്‍ഘകാലം വിളിപ്പാടകലെ നിര്‍ത്തിയിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് പെട്ടെന്നവര്‍ മതേതര കക്ഷിയായി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക നേതാവിന്റേതാണ് കേരള കോണ്‍ഗ്രസ്-ബി പാര്‍ട്ടി. ബാലകൃഷ്ണ പിള്ളക്കെതിരെ കോടതിയില്‍ ദീര്‍ഘകാലം പോരാട്ടം നടത്തി ശിക്ഷ വാങ്ങിക്കൊടുത്ത വി.എസ് അച്യുതാനന്ദന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോയുടെ തൊണ്ട അടഞ്ഞുപോയിരിക്കുന്നു. കേരള കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിച്ച സി.പി.എമ്മിന് ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എങ്ങനെ ഉള്‍ക്കൊള്ളാനാകും?
യു.ഡി.എഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദള്‍, ഇപ്പോള്‍ എല്‍.ഡി.എഫില്‍ എന്ത് മേന്മയാണ് കാണുന്നത്? ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തകര്‍ന്നടിയുമ്പോള്‍ അവര്‍ക്ക് വീണ്ടും നിലപാട് മാറ്റേണ്ടി വരും. ബി.ജെ.പിയുമായുള്ള സഹവാസം കഴിഞ്ഞെത്തിയ സി.കെ ജാനുവിനെ ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണിക്ക് ഒരു മടിയുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അവസരവാദ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഇടതുമുന്നണി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയും പിടിച്ചുനില്ക്കാന് ഇടതുപക്ഷം ചെറുകക്ഷികളെയും സംഘടനകളെയം ഓടിച്ചിട്ട് പിടിക്കുകയാണ്. വനിതാ മതിലില്‍ പങ്കെടുക്കുന്നവരെയും ഉടനെ ഇടതുമുന്നണിയില്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.