ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

 

ലാവലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജി നേരത്തെ പരിഗണിച്ചിരുന്നത്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ഉള്‍പ്പെടെയുള്ളവയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

എസ്.എൻ.സി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സി.ബി.ഐയുടെ ഹർജിയും, ലാവലിന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആയ ആർ ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി രാജശേഖരൻ എന്നിവർ നൽകിയ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് കാരണമായത്.

പുതിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു ഹർജി പരിഗണിച്ചത്. എന്നാൽ തിങ്കളാഴ്ച ഹർജി പരിഗണിക്കുമ്പോൾ ബെഞ്ച് മാറുന്നു എന്നതാണ് ശ്രദ്ധേയം. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരാകുന്നത്. സി.ബി.ഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് നേരത്തെ ഹാജരായത്. ലാവലിൻ കേസിൽ 2017 ഒക്ടോബർ 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവരെ കുറ്റ വിമുക്തരാക്കിക്കൊണ്ട് ഉള്ള സി.ബി.ഐ കോടതി വിധി കേരള ഹൈക്കോടതി ശരിവെക്കുന്നത്. സി.ബി.ഐ കുറ്റപത്രത്തിൽ പിണറായി വിജയൻ ഏഴാം പ്രതി ആയിരുന്നു.

Comments (0)
Add Comment