ബോട്ടും വള്ളവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍; സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും

Jaihind Webdesk
Wednesday, August 10, 2022

തിരുവനന്തപുരം: തീരദേശ ജനതയോട് മുഖം തിരിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ത്തി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും. തീരദേശ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ബോട്ടുകളുമായെത്തിയായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ബോട്ടുമായെത്തിയവര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും വന്‍ ഗതാഗതക്കുരുക്ക് ആയതോടെ പോലീസിന് സമരക്കാരെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കടത്തിവിടേണ്ടിവന്നു.

തീരത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് ബോട്ടുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് ജനറൽ ആശുപത്രിക്ക് സമീപവും ഈഞ്ചക്കലും വെച്ച് ഇവരെ വീണ്ടും  തടഞ്ഞത് സംഘർഷത്തിനിടയാക്കി. ബോട്ടുമായുള്ള സമരത്തിന് അനുമതിയില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് മത്സ്യത്തൊഴിലാളികളും പ്രഖ്യാപിച്ചു. തുടര്‍ന്ന് പോലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമാമുണ്ടായി. നഗരത്തിലേക്കുള്ള വഴികളിൽ മുഴുവൻ ഗതാഗതക്കുരുക്കായി. ഇതോടെ സമരക്കാരെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാന്‍ പോലീസ് അനുവദിക്കുകയായിരുന്നു.

പ്രതിഷേധം സെക്രട്ടറിയറ്റിന് മുന്നിൽ ലത്തീൻ അതിരൂപത മുൻ അധ്യക്ഷൻ സൂസപാക്യം ഉദ്ഘാടനം ചെയ്തു. സമരം ജീവൻ മരണ പോരാട്ടമാണെന്നും പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് സംസാരിച്ച ലത്തീൻ അതിരൂപത അധ്യക്ഷൻ തോമസ് ജെ നെറ്റോ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രേഖാമൂലം നിരവധി തവണ പരാതി നൽകിയിട്ടും സംസ്ഥാന സർക്കാർ മുടന്തൻ ന്യായമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കുക, കടലാക്രമണം തടയുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തുക, കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടമായവർക്ക് പുനരധിവാസം ഉറപ്പ് വരുത്തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ അടിയന്തരമായി മാറ്റി പാർപ്പിക്കുക, അനിയന്ത്രിതമായ മണ്ണെണ്ണ വില പിൻവലിക്കാൻ സർക്കാർ ഇടപെടെൽ നടത്തുക, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ പുതിയ പOനം നടത്തുക, തൊഴിൽ നഷ്ടം അനുഭവിക്കുന്നവർക്ക് മിനിമം വേതനം അനുവദിക്കുക ഉൾപ്പെടെുള്ള ആവശ്യങ്ങളാണ് മത്സൃ തൊഴിലാളികൾ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ അവഗണന അവസാനിപ്പിച്ച് അടിയന്തരമായി ഈ പ്രശ്നങ്ങളില്‍ ഇടപെടണമെന്നാണ് തീരദേശ ജനതയുടെ ആവശ്യം.