പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ ഇടയലേഖനം

Jaihind News Bureau
Sunday, January 26, 2020

 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് ദേശീയ പതാക ഉയർത്തുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ  ഇടയലേഖനം വായിക്കുകയും ചെയ്തു. മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന്  ലത്തീൻ സഭയുടെ ഇടയലേഖനം വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം നേതൃത്വം നൽകി.

റിപ്പബ്ലിക് ദിനത്തെ ഭരണഘടനാ സംരക്ഷണ ദിനമായാണ് സഭ ആചരിക്കുന്നത്. രാവിലെ   ഞായറാഴ്ച കുർബാനക്കിടെയാണ് സംസ്ഥാനത്തെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇടയലേഖനം വായിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ് എന്നും മതേതര ജനാധിപത്യ സങ്കല്‍പത്തിന് വിരുദ്ധമാണ് എന്നും ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ചൂണ്ടിക്കാട്ടി.

ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്. ഭരണാധികാരികൾ മതരാഷ്ട്രത്തിനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത് എന്നും സഭ പറയുന്നു. രാവിലെ തിരുവനന്തപുരം പാളയം പള്ളിയിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം ദേശീയ പതാക ഉയർത്തി. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ വാചകം വിശ്വാസികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.