അവസാനയാത്രയ്ക്ക് അര മണിക്കൂർ മുമ്പ് … അവസാന ഫ്രെയിം..

Jaihind Webdesk
Tuesday, February 19, 2019

ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും  വിയോഗവാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് അവസാനമായി ഒരു നോക്ക് കാണാനെത്തിയ സുഹൃത്തുക്കളും ഒപ്പം കുട്ടികളും ഒരിക്കലും ചിന്തിച്ചിരുന്നില്ല അല്‍പ്പം മുമ്പ് എടുത്ത ചിത്രം തങ്ങളുടെ പ്രിയപ്പെട്ട ശരത്തിനൊപ്പമുള്ള അവസാന ചിത്രമാകുമെന്ന്. കല്യോട്ട് പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണ യോഗത്തിന് ശേഷം, കൊല ചെയ്യപ്പെടുന്ന അര മണിക്കൂർ മുമ്പ് അവസാനമായി എടുത്ത ഫോട്ടോ….

മംഗളുരുവിൽ നിന്നു സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശരത്‌ലാൽ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു. ക്ലബ്ബിന്‍റെയും ക്ഷേത്ര കമ്മിറ്റികളുടെയും പരിപാടികളിൽ നാടകം സംവിധാനം ചെയ്തിരുന്ന ശരത് കുട്ടികൾക്കു നാടകപരിശീലനവും നൽകിയിരുന്നു.

കല്യോട്ടെ വാദ്യകലാസംഘത്തിന്‍റെ പരിപാടികളിൽ ശരത്തിനൊപ്പം ശിങ്കാരിമേളം കൊട്ടാൻ കൃപേഷുമുണ്ടാവുമായിരുന്നു.   ഈ വാദ്യകലാസംഘത്തിന്‍റെ ഓഫീസ് ആക്രമിക്കപ്പെട്ടതാണു കല്യാട്ടെ സംഘർഷങ്ങള്‍ക്കും തുടക്കം കുറിച്ചതെന്ന് വീട്ടുകാർ ഓര്‍ക്കുന്നു. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചു എന്ന കേസിൽ ശരത്‌ലാലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ ശരത്തിന്‍റെ വീടിനു നേരെ ആക്രമണമുണ്ടായി. മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് വധഭീഷണികളും എത്തി. ഭീഷണിയുടെ കാര്യം പൊലീസിലും അറിയിച്ചിരുന്നു.

കല്യോട്ട് പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണ യോഗത്തിന് ശേഷം ശരത്തിനെ തൽക്കാലം നാട്ടിൽ നിന്നു മാറ്റിനിർത്തുന്ന കാര്യം വീട്ടുകാർ ആലോചിച്ചിരുന്നു. എന്നാല്‍ ശരത്തിനെയും കൃപേഷിനെയും ഏറെ നാളായി നിരീക്ഷിച്ചിരുന്ന അക്രമിസംഘം ഇത് അറിഞ്ഞുതന്നെയാകാം കൊലയ്ക്ക് ആ ദിവസം തന്നെ തെരഞ്ഞെടുത്തതും.  കല്യോട്ട് പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണ യോഗം കഴിഞ്ഞു മടങ്ങിവരുംവഴി  ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടു. എപ്പോഴും ഒരുമിച്ചുണ്ടാകുന്ന സുഹൃത്തുക്കള്‍ അങ്ങനെ മരണത്തിലും ഒരുമിച്ച് യാത്രയായി….

ശരത്‌ലാൽ വെട്ടേറ്റു കിടക്കുന്നതു നേരിട്ടു കണ്ട സഹോദരി അമൃതയുടെ ഞെട്ടൽ മാറിയിട്ടില്ല. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് അമൃത വീട്ടിലേക്കുള്ള വഴിയരികിൽ വെട്ടേറ്റു കിടക്കുന്ന സഹോദരനെ കണ്ടത്.