ക്ലാസിക്ക് ലെജൻഡ്‌സിന്റെ കേരളത്തിലെ രണ്ടാമത്തെ ജാവ മോട്ടോർസൈക്കിൾ ഡീലർഷിപ്പ് കൊച്ചിയിൽ തുറന്നു. തിരുവനന്തപുരത്തെ ഡീലർഷിപ്പ് തുറന്നതിന് തൊട്ടുപിന്നാലെയാണ് കൊച്ചിയിലും ആരംഭിച്ചിരിക്കുന്നത്. അടുത്ത ഷോറൂം ഉടൻ തന്നെ കോഴിക്കോട് തുറക്കും.
എറണാകുളം കളമശ്ശേരിയിൽ ഇല്ലിക്കാട്ട് ബിൽഡിങിലാണ് ക്ലാസിക്ക് മോട്ടോഴ്‌സ് എന്ന പേരിൽ ജാവ ഷോറൂം തുറന്നിരിക്കുന്നത്. പ്രഥമിക ഘട്ടത്തിൽ ഇന്ത്യയിലുടനീളം 100-ൽ അധികം ഷോറൂമുകൾ തുറക്കാനാണ് കമ്ബനി ഉദ്യേശിക്കുന്നത്. കൊച്ചിയിലെ ഷോറൂം ഉൾപ്പെടെ 38 ഡീലർഷിപ്പുകൾ ഇതിനോടകം തുറന്നുകഴിഞ്ഞു.
ജാവ ആരാധകരുടെയും ഉപഭോക്താക്കളുടെയും സാന്നിദ്ധ്യത്തിൽ ക്ലാസിക്ക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും ഫൈ ക്യാപിറ്റൽ സ്ഥാപകനും മാനേജിങ് പാർട്‌നറുമായ അനുപം തരേജയാണ് കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്തത്.
ഓരോ ഡീലറും ജാവയുടെ വളർച്ചയുടെ തൂണുകളാണ്. ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിൽ ജാവ പ്രതിജ്ഞാബദ്ധമാണ്. മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളോടെയും വായ്പാ സൗകര്യങ്ങളോടുമാണ് ജാവയുടെ ഓരോ ഷോറൂമും ഒരുക്കിയിട്ടുള്ളതെന്നും അനുപം തരേജ ഉറപ്പുനൽകി.
ജാവയുടെ ഐതിഹാസ കഥ പറയുന്ന ബൈക്കർ കഫേയുടെ അന്തരീക്ഷം ഒരുക്കിയാണ് ഓരോ ഷോറൂമുകളുടെയും നിർമാണം. ഐതിഹാസിക ജാവ മോട്ടോർസൈക്കിളിന്റെ പാർട്സുകൾ നൽകിയാണ് ഷോറൂമുകൾ അലങ്കരിച്ചിരിക്കുന്നതെന്നതും ആകർഷകമാണ്.
ജാവ, ജാവ ഫോർട്ടിടു എന്നിവയാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പുതിയ 293 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഡിഒഎച്ച്സി എൻജിനാണ് ഇതിൽ നൽകിയിട്ടുള്ളത്. ബിഎസ്-6 നിലവാരത്തിലുള്ള ഈ എൻജിൻ 27 ബിഎച്ച്പി കരുത്തും 28എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ജാവയ്ക്ക് 1.67 ലക്ഷവും ഫോർട്ടിടൂവിന് 1.58 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്സ്ഷോറൂം വില. എബിഎസ് മോഡലുകൾക്ക് യഥാക്രമം 1.75 ലക്ഷവും 1.66 ലക്ഷവും വില വരുമെന്നാണ് റിപ്പോർട്ടുകൾ.