ശ്രീലങ്കയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. തെരഞ്ഞെടുപ്പു കഴിഞ്ഞ് നാലര വർഷം ആകും മുൻപ് 225 അംഗ പാർലമെന്റിനെ പിരിച്ചുവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2020 ഫെബ്രുവരിയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കും.
സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ഏകകണ്ഠമായാണ് പാർലമെന്റ് പിരിച്ചുവിട്ട നടപടി റദ്ദുചെയ്തത്.
ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള സിരിസേനയുടെ തീരുമാനവും കോടതി റദ്ദു ചെയ്തു. പാർലമെന്റിൽ ഭൂരിപക്ഷമുള്ളതിനാൽ റനിൽ വിക്രംസിംഗെയെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കുന്നതിന്റെ സാധ്യതകളെപ്പറ്റിയും കോടതി ആരാഞ്ഞു. നേരത്തേ റനിൽ വിക്രമസിംഗെ വിശ്വാസവോട്ടെടുപ്പിൽ വിജയം നേടിയിരുന്നു.
225 അംഗ പാർലമെന്റിൽ 117 അംഗങ്ങളുടെ പിന്തുണയിലാണ് വിക്രമസിംഗെ ഭൂരിപക്ഷം തെളിയച്ചത്. സിരിസേനയെയും രജപക്‌സെയെയും അനുകൂലിക്കുന്നവർ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതിവിധി വന്നശേഷം തീരുമാനിയ്ക്കുമെന്ന് വിക്രമസിംഗെയുടെ നാഷണൽ യുണൈറ്റഡ് പാർടി വ്യക്തമാക്കിയിട്ടുണ്ട്.
ഒക്‌ടോബർ 26നാണ് വിക്രമസിംഗെയെ പുറത്താക്കി മുൻ പ്രസിഡന്റ് മഹിന്ദ രജപ്കസെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചത്. പാർലമെന്റും പിരിച്ചുവിട്ട പ്രസിഡന്റ് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാനുള്ള രാജപക്‌സയുടെ ശ്രമം പരാജയപ്പെടുകയും ചെയ്തിരുന്നു.
https://youtu.be/qjpkavZPBRQ