പാതയാണോ പാതാളമാണോ ദേശീയപാതനിര്‍മ്മാണത്തിന്റെ പേരില്‍ നിര്‍മ്മിച്ചതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എംപി.
കണ്ണൂരില്‍ ദേശീയപാതയില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ദേശീയപാതയിലെ മണ്ണിടിഞ്ഞ് സമീപപ്രദേശത്തെ വീടുകളിലേക്ക് എത്തുകയാണ്. മലപ്പുറം കൂരിയാട്ടെ അപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് തളിപ്പറമ്പ് കുപ്പത്തും മണ്ണിടിച്ചിലുണ്ടായത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ അപകടങ്ങള്‍ക്ക് കാരണം. ജില്ലാ കളക്ടറുടെ യോഗത്തില്‍ പലപ്രാവിശ്യം എന്‍എച്ച് 66ന്റെ അശാസ്ത്രീയമായ നിര്‍മ്മാണത്തെ കുറിച്ച് എംപി എന്ന നിലയില്‍ താന്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ വ്യക്തമായ പരിഹാരമോ മറുപടിയോ ഉണ്ടായിട്ടില്ല. എന്തുവിശ്വസിച്ചാണ് ഇത്തരം റോഡിലൂടെ ജനം യാത്ര ചെയ്യുക. മഴപെയ്താല്‍ ഒലിച്ച് പോകുന്നതും ഇടിഞ്ഞ് താഴുന്നതുമായ റോഡുകളാണ് പലയിടത്തും.നിര്‍മ്മാണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കണമെന്നും അതോടൊപ്പം മണ്ണിടിച്ചൽ മൂലം തകർന്നു പോയ വീടുകൾക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കെ.സുധാകരന്‍, എം.പി ആവശ്യപ്പെട്ടു.