വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ യാത്രാ വിലക്കും ഏര്‍പ്പെടുത്തി ദ്വീപ് ഭരണകൂടം. ദ്വീപിലെ അവസ്ഥ നേരില്‍ കണ്ട് മനസിലാക്കാന്‍ പോകാനിരുന്ന യുഡിഎഫ് എം.പിമാരുടെ യാത്രയും ശ്ചിതത്വത്തിലായി. കൊവിഡ് വ്യാപനത്തിന്‍റെ മറവിലാണ് ദ്വീപിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനായി കരട് നിയമം തയാറാക്കാൻ കമ്മിറ്റിയെ നിയമിച്ചു. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ആറംഗ കമ്മിറ്റി തീരുമാനമെടുക്കും. ദ്വീപിലേക്കുള്ള പ്രവേശനാനുമതി ഇനി കവരത്തി കളക്ടറേറ്റില്‍ നിന്ന് മാത്രമായിരിക്കും. എഡിഎം അനുവദിക്കുന്ന പാസ് ഇല്ലാത്ത ഒരാളെയും നാലെ മുതല്‍ ദ്വീപിലേക്ക് പ്രവേശിപ്പിക്കില്ല. വന്‍കരയില്‍ നിന്നുള്ള എംപിമാര്‍ക്കടക്കം ഇതു ബാധകമാണ്. ഇതിനകം പാസ് നേടി വന്‍കരയിലെത്തിയവര്‍ക്ക് ഒരാഴ്ച വരെ പരമാവധി അവിടെ തങ്ങാം. അതു കഴിഞ്ഞാല്‍ മടങ്ങണം. ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണമെന്നും നിർദേശമുണ്ട്.
ദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനദ്രോഹപരമായ തീരുമാനങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായതോടെയാണ് യുഡിഎഫ് എംപിമാര്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് തിടുക്കപ്പെട്ട് കൊവിഡിന്‍റെ മറവില്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
യുഡിഎഫ് എം.പിമാരുടെ 5 അംഗ പ്രത്യേക പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനുളള അനുമതിക്കായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ഷിപ്പിംഗ് മന്ത്രി മന്‍സുഖ് എല്‍. മണ്ഡാവിയ എന്നിവര്‍ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കത്ത് നല്‍കിയിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശിച്ച് നിലവിലുളള സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനുളള അനുമതി നല്‍കാനുളള നിര്‍ദ്ദേശം അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയത്. മേയ് 31 ന് ലക്ഷദ്വീപിലേക്ക് പോകുന്നതിനുളള അനുമതി തേടിയായിരുന്നു കത്ത്.എം.പി മാരായ ബെന്നി ബെഹനാന്‍, എം.കെ രാഘവന്‍, ഹൈബി ഈഡന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉള്ളത്.