ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നോമിനിയായ അഡ്മിനിസ്ട്രേറ്റര്‍ അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും സേവ് ലക്ഷദ്വീപ് ക്യാമ്പെയ്ന്‍ ശക്തി പ്രാപിക്കുകയാണ്. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ ഫേസ്ബുക്ക് പേജിന് താഴെ ലക്ഷക്കണക്കിന് പ്രതിഷേധ കമന്‍റുകളാണ് പ്രവഹിക്കുന്നത്.
പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍ തന്നെ മലയാളികളുണ്ട്. പ്രഫുല്‍ പട്ടേലിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിമിഷനേരം കൊണ്ടാണ് പ്രതിഷേധ സന്ദേശങ്ങള്‍ നിറയുന്നത്. ഗോബാക്ക് പട്ടേല്‍, സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളോയെയാണ് കമന്‍റുകളെല്ലാം. ലക്ഷദ്വീപ് നിവാസികളുടെ സ്വൈര്യജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണമെന്നു തന്നെയാണ് എല്ലാ കമന്‍റുകളും ആവശ്യപ്പെടുന്നത്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള നീക്കമാണ് ഇതെന്നും ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നതെന്നുമാണ് ഉയരുന്ന ആരോപണം. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ദ്വീപ് നിവാസികളുടെ മേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നുവെന്നാണ് ആക്ഷേപം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുക, കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുക, ബീഫ് നിരോധിക്കുക, പശു ഫാമുകള്‍ അടച്ചുപൂട്ടുക, അങ്കണവാടി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസാഹാരം ഒഴിവാക്കുക, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിടുക, മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ വ്യാപകമായി പൊളിച്ചുമാറ്റുക, ടൂറിസത്തിന്‍റെ പേരിൽ ദ്വീപിലാകെ മദ്യവിൽപന ശാലകൾ അനുവദിക്കുക തുടങ്ങി തികച്ചും ഏകാധിപത്യരീതിയിലുള്ള നിരവധി ‘പരിഷ്കാരങ്ങളാണ്’ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്നത്.