ളാഹ അപകടം; എട്ടു വയസുകാരൻ മണികണ്ഠന്‍റെ  ശസ്ത്രക്രിയ പൂർത്തിയായി

Jaihind Webdesk
Saturday, November 19, 2022

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പത്തനംതിട്ട ളാഹയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേററ എട്ടു വയസുകാരൻ മണികണ്ഠന്‍റെ  ശസ്ത്രക്രിയ പൂർത്തിയായി. ശരീരത്തിന്‍റെ പുറം ഭാഗത്തുണ്ടായ ക്ഷതം പരിഹരിക്കാനുളള ശസ്ത്രക്രിയയാണ് നടത്തിയത്. കുട്ടിയുടെ കരളിനും ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ രാജശേഖരന്‍,രാജേഷ്,ഗോപി എന്നിവര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇവരും ചികില്‍സയിലാണ്.രാജശേഖരന്‍റെ വലത് കൈപ്പത്തിക്ക് ചതവുണ്ട്, രാജേഷിന്‍റെ  വലത് കൈയും കാലും ഒടിഞ്ഞു. ഗോപിയുടെ വലത് കൈ ഒടിഞ്ഞു കാലിന് ചതവുമുണ്ട്.  ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട തരുണ്‍ എന്ന അയ്യപ്പനും നിരീക്ഷണത്തിലാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

അതേസമയം  അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ പുതുക്കടയിൽ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവൻ പ്ലാപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.