ആശവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കാണ് വലിയ വിഷയമെന്ന് കെ വി തോമസ്. ആശമാരുടെ വിഷയത്തില്‍ സംസാരിക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെ വി തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.
കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ച. കൂടിക്കാഴ്ചയില്‍ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കുമെന്നറിയുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കു വലിയ വിഷയമാണ് പക്ഷേ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അങ്ങനെയല്ല. എയിംസ്, ആര്‍ സി സിയുടെ നവീകരണം, വയനാട് മെഡിക്കല്‍ കോളേജ് , സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കാനാണ് സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും തോമസ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത്. അതിന് എനിക്ക് ചുമതല ലഭിച്ചിട്ടില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി.
മന്ത്രാലയം പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. ആശ വര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്ന് കെ.വി. തോമസ് നേരത്തെ പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.