പോസ്റ്റല്‍ വോട്ട് തിരുത്തലില്‍ ജി സുധാകരന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അതേ സമയം പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. എഐസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൊച്ചിയിലെത്തിയ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടെന്നത് തെറ്റാണെന്നും എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്റെ തലയില്‍ കൈ വെച്ച് ആശിര്‍വദിച്ചശേഷമാണ് സ്ഥാനം കൈമാറിയതെന്നും കെ സുധാകരന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വയലാര്‍ രവിയുടെ പക്കല്‍ നിന്നും പിന്തുണ ഉറപ്പു വരുത്തിയാണ് അദ്ദേഹം മടങ്ങിയത്. റോജി എം ജോണ്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സണ്ണി ജോസഫിനൊപ്പം ഉണ്ടായിരുന്നു.