മലപ്പുറം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലപ്പുറം ജില്ലക്കാരായ ബാഹുലേയൻ, നൂഹ് എന്നിവരുടെ മൃതദ്ദേഹങ്ങൾ സംസ്കരിച്ചു. പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചരയോടെ ഇരുവരുടേയും സംസ്കാരം പൂർത്തിയായി. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. കുവൈറ്റ് ദുരന്തത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാൻ കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കുമെന്നും വിമാന ടിക്കറ്റ് അടക്കമുള്ള സഹായങ്ങൾ കെഎംസിസി നൽകുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ അറിയിച്ചു.
കുവൈറ്റ് തീപിടിത്ത ദുരന്തത്തിൽ മരിച്ച എംപി ബാഹുലേയൻ, നൂഹ് എന്നിവരുടെ മൃതദ്ദേഹങ്ങൾ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. ബാഹുലേയന്റെ മൃതദേഹം വീടിന് സമീപം പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, നജീബ് കാന്തപുരം, സി.പി. മുഹമ്മദ്, ബാബുരാജ് ഉൾപ്പടെയുള്ള നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. കെഎസ്‌യുവിന് ശേഷം യൂത്ത് കോൺഗ്രസസിലെത്തി മണ്ഡലം സെക്രട്ടറിയായിരുന്ന ബാഹുലേയൻ 7 വർഷം മുമ്പാണ് കുവൈറ്റിലേക്ക് പോയത്. 3 വർഷമായി എന്‍ബിടിസിയില്‍ ജോലി ചെയ്യുന്നു. ഒരാഴ്ച മുമ്പ് നാട്ടിലെത്തേണ്ടിയിരുന്ന ബാഹുലേയൻ അവധി ലഭിക്കാത്തതിനാൽ യാത്ര ഓണക്കാലത്തേക്ക് മാറ്റി. ഉറ്റവരുടെ കണ്ണീരിലേക്ക് ചേതനയറ്റ ശരീരവുമായിട്ടാണ് ബാഹുലേയൻ ജീവിതയാത്രകൾ പൂർത്തിയാക്കി നാട്ടിലെത്തിയത്. ഷൊർണൂർ ശാന്തിതീരത്തായിരുന്നു സംസ്കാരം.
മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ നിൽക്കുന്നയാളായിരുന്നു കൂട്ടായി സ്വദേശി നൂഹ്. കുവൈറ്റിൽ നൂഹ് താമസിക്കുന്നിടത്ത് അപകടം അറിഞ്ഞ് ഓടിയെത്തിയ സഹോദരങ്ങൾക്ക് ആദ്യം ലഭിച്ച വിവരം നൂഹ് മറ്റുള്ളവരെ സഹായിക്കാൻ ഓടുന്നത് കണ്ടു എന്നാണ്. പിന്നീടാണ് മരിച്ചവരുടെ കൂട്ടത്തിൽ 41 കാരൻ നൂഹ് ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം അറിഞ്ഞത്. തിരൂർ കൂട്ടായി സ്വദേശിയായ നൂഹ് 11 വർഷമായി കുവൈറ്റിലാണ്. 2 മാസം മുമ്പാണ് പുതിയ കമ്പനിയിൽ ജോലിയ്ക്ക് കയറിയത്. 4 മാസം മുമ്പ് അവധികഴിഞ്ഞ് മടങ്ങിയ നൂഹ് ഏറെ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഭാര്യയേയും 3 പെൺമക്കളേയും തനിച്ചാക്കി ചേതനയറ്റ ശരീരമായി വീട്ടിൽ മടങ്ങിയെത്തിയത്. സംസ്കാരം വീട്ടിനടുത്തെ പള്ളി ഖബർ സ്ഥാനിൽ നടന്നു.