കുവൈറ്റില്‍ പ്രവാസി പണമിടപാടിന് അഞ്ചു ശതമാനം നികുതിക്ക് ശുപാര്‍ശ : നിയമം നടപ്പാക്കിയാല്‍ മലയാളികള്‍ക്ക് മറ്റൊരു ‘കൊവിഡ് ദുരിതകാല’ തിരിച്ചടി !

കുവൈറ്റ് : കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ പണമിടപാടിന് , നികുതി ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. കുവൈത്ത് പാര്‍ലമെന്റിന്റെ മാന്‍പവര്‍ റിസോഴ്‌സസ് കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെയാണ് ഇതിനായി ശുപാര്‍ശ ചെയ്തത്. അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം, പാര്‍ലമെന്റ് എത്രയും വേഗം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, നികുതി ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് , ഇത് കനത്ത സാമ്പത്തിക ഭാരമായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊവിഡ് ദുരിതം മൂലം സൗദിയിലും കഴിഞ്ഞ ദിവസം മൂല്യവര്‍ധിത നികുതി അഞ്ചില്‍ നിന്ന് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

കുവൈറ്റ് ധനകാര്യ-സാമ്പത്തിക സമിതി അംഗീകരിച്ച ഈ നിര്‍ദേശം പാര്‍ലമെന്റിന്റെ പരിഗണനയിലാണ് . സാമ്പത്തിക വരുമാനത്തിന് സാധ്യമായ സ്രോതസ് ആണ് വിദേശികളുടെ പണമിടപാടിനുള്ള നികുതിയെന്ന് അദ്ദേഹം പറഞ്ഞു. ഇപ്രകാരം, പ്രതിവര്‍ഷം നാലു ബില്യന്‍ ദിനാറില്‍ കൂടുതല്‍ വിദേശികള്‍ അവരുടെ നാടുകളിലേക്ക് അയക്കുന്നുണ്ട്.  അതിനാല്‍, കൊവിഡ് ദുരിത കാലത്ത് ഇതുവഴി വലിയ തുക കുവൈറ്റ് ഗവര്‍മെന്റിന് നികുതിയായി ലഭിച്ചേയ്ക്കാമെന്നും ഇവര്‍ കണക്കൂട്ടുന്നു. ഇതിനായി വിവിധ എംപിമാരും പാര്‍ലമെന്റില്‍ നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിയമപരമായ വഴിയിലൂടെ പണമയക്കുന്നതിന് നികുതി നല്‍കേണ്ടി വന്നാല്‍,  ആളുകള്‍ ഹവാല ഉള്‍പ്പെടെയുള്ള ഇടപാടുകളെ ആശ്രയിക്കുമെന്ന ആശങ്കയും ഇതോടൊപ്പം നിലനില്‍ക്കുന്നു.

Comments (0)
Add Comment