കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും ; വൈകിട്ട് അഞ്ച് മണി മുതല്‍ വാഹനങ്ങള്‍ കടത്തിവിടും

തൃശ്ശൂർ : പാലക്കാട് – തൃശ്ശൂർ പാതയിലെ യാത്രക്കാർക്ക് ആശ്വാസമേകി കുതിരാൻ തുരങ്കം ഇന്ന് തുറക്കും. സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷം കേന്ദ്രസർക്കാരിൽ നിന്നും അനുമതി കിട്ടിയതോടെയാണ് കുതിരാൻ തുറക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ മലയിലെ ഇരട്ടതുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തി വിടാനാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയ നിർദേശം. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ കുതിരാനിലൂടെ വാഹനങ്ങൾ കടത്തിവിടും. ഇതോടെ കോയമ്പത്തൂർ – കൊച്ചി പാതയിലെ യാത്രസമയം വലിയ രീതിയിൽ കുറയും.

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിർമാണം കഴിഞ്ഞതായി കരാർ കമ്പനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥർ റിപ്പോർട്ട് റീജനൽ ഓഫിസിന് കൈമാറി. ഈ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു.

ഈ അനുമതി അടുത്ത ആഴ്ച കിട്ടും എന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്ന് അനുമതി ലഭിക്കുകയായിരുന്നു. കേന്ദ്ര പദ്ധതിയായ കുതിരാൻ തുരങ്കത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചേക്കും. രണ്ട് തുരങ്കങ്ങളുടേയും നിർമ്മാണം പൂർത്തിയാക്കിയ ശേഷമായിരിക്കും കുതിരാൻ തുരങ്കത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം.

 

Comments (0)
Add Comment