കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം; ലാത്തിവീശി പോലീസ്


കുന്നംകുളം ഉപജില്ല കലോത്‌സവത്തില്‍ വിധി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തിവീശി. ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ദഫ് മുട്ട് മല്‍സരത്തിന്റെ ഫലത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം ഉണ്ടായത്. കേച്ചേരി അല്‍അമീന്‍ സ്‌കൂളിലായിരുന്നു കുന്നംകുളം ഉപജില്ല കലോത്‌സവം. ഒന്നാം സ്ഥാനം കിട്ടിയ വിദ്യാലയത്തിന്റെ പേരും ചെസ് നമ്പറും തമ്മില്‍ പറഞ്ഞത് തെറ്റിപ്പോയി. ഫലപ്രഖ്യാപനത്തിനു പിന്നാലെ, വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചു. സംഘാടകര്‍ പോലീസിനെ വിളിച്ചു. വിദ്യാര്‍ത്ഥികള്‍ ചേരിത്തിരിഞ്ഞ് വാക്കേറ്റമായി. നിയന്ത്രിക്കാന്‍ വന്ന പോലീസ് വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ ലാത്തിവീശി. സംഘര്‍ഷത്തിനിടെ ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മല്‍സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഒല്ലൂര്‍ സെന്റ് റാഫേല്‍സ് സ്‌കൂളില്‍ നടന്ന തൃശൂര്‍ ഉപജില്ല കലോല്‍സവത്തിനിടെയും വിധി നിര്‍ണയം തര്‍ക്കത്തിലെത്തി. വാക്കേറ്റം മുറുകിയതോടെ പോലീസ് വന്നു. സംഘാടകരേയും തര്‍ക്കം ഉന്നയിച്ചവരേയും മധ്യസ്ഥം പറഞ്ഞ് പോലീസ് തലയൂരി.

Comments (0)
Add Comment