കെഎസ് യു സമരം വിജയം കണ്ടു ; കെ.ടി.യു പരീക്ഷകൾ റദ്ദാക്കി

Jaihind Webdesk
Tuesday, July 27, 2021

കൊച്ചി : സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. പരീക്ഷ ഓണ്‍ലൈനാക്കണമെന്ന ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചെന്നു സര്‍വകലാശാല അറിയിച്ചു. പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുന്നതിനെതിരെ കെ എസ് യു സമരവുമായി രംഗത്തെത്തിയിരുന്നു. കെടിയു ആസ്ഥാനത്തിന് മുന്നിൽ നിരാഹാര സമരം നടത്തിയ എന്‍എസ് യുഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പരീക്ഷകള്‍ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.

കൊവിഡ് കാലത്ത് ഓഫ്‌ലൈൻ പരീക്ഷകൾ നടത്തിയതിലൂടെ 150ൽ അധികം വിദ്യാർത്ഥികൾക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിദ്യാർത്ഥികളുടെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് കെഎസ് യു സമരവുമായി രംഗത്തെത്തിയത്. തുടർച്ചയായി പരാതികൾ വൈസ് ചാൻസലർക്കും മുഖ്യമന്ത്രിക്കും വിദ്യാർത്ഥികൾ അയച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിലാണ് വിദ്യാർത്ഥി സമൂഹത്തിനു വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ കെഎസ് യു നിർബന്ധിതമായത്. സമരത്തെ വളരെ ക്രൂരമായാണ് ഭരണകൂടം നേരിട്ടത്. കൊല്ലത്തെ ടികെഎം എഞ്ചിനീയറിങ് കോളേജിൽ സമരം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായ തല്ലിച്ചതച്ചിരുന്നു.